പറവൂരിലെ ഹോട്ടലില്‍ വീണ്ടും പഴകിയ ഭക്ഷണം; പിടികൂടിയത് അല്‍ഫാം ഉള്‍പ്പടെ; പൂട്ടാന്‍ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2023 10:15 AM  |  

Last Updated: 18th January 2023 10:15 AM  |   A+A-   |  

alfam

പ്രതീകാത്മക ചിത്രം

 


കൊച്ചി: വടക്കന്‍ പറവൂരില്‍ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി. കുമ്പാരി ഹോട്ടലില്‍ നിന്നാണ് അല്‍ഫാം ഉള്‍പ്പടെയുള്ള പഴകിയ ഭക്ഷണം പിടികൂടിയത്. രാവിലെ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത്. 

ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് മുന്‍പാണ് നഗരസഭാ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടലില്‍ എത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ പഴകിയ മാസവും റൈസും അധികൃതര്‍ കണ്ടെത്തി. വൃത്തിഹീനമായ രീതിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി

അതേസമയം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഹോട്ടലിലെ ചീഫ് കുക്ക് പൊലീസ് കസ്റ്റഡിയിലാണ്. ഹോട്ടലുടമകള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. അതേസമയം ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. രണ്ടു കുട്ടികള്‍ ഉള്‍പ്പടെ 28 പേരെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.20 പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ മറ്റു ജില്ലകളിലും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ ഒന്‍പതു പേര്‍ കുന്നുകര എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ്. കൂടുതല്‍ പേര്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണു വിവരം. 

ഹോട്ടലില്‍നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണു കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴിമന്തി റൈസ് മാത്രം കഴിച്ചവര്‍ക്കു പ്രശ്‌നമില്ല. മാംസം ഭക്ഷിച്ചതാണ് ആരോഗ്യപ്രശ്‌നമുണ്ടാക്കിയതെന്നാണു സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ 

44 ചാക്ക് പച്ചരി, 26 ചാക്ക് കുത്തരി, പുഴുക്കലരിയും ഗോതമ്പും; അടച്ചിട്ട വീട്ടില്‍നിന്ന് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ