'ആക്രി'ക്കൊപ്പം ലഭിച്ചത് എടിഎമ്മും പിന്‍നമ്പറും; വിദേശമലയാളിയുടെ 6.31 ലക്ഷം അടിച്ചു മാറ്റി; 'ലോറി'യില്‍ കുടുങ്ങി, അറസ്റ്റ്

കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആക്രി സാധനങ്ങള്‍ക്കൊപ്പം പെട്ടുപോയ എടിഎം കാര്‍ഡില്‍ നിന്നും ചെങ്ങന്നൂര്‍ സ്വദേശിക്ക് ആറ് ലക്ഷത്തിലേറെ രൂപ നഷ്ടമായി. പാണ്ടനാട് പ്രയാര്‍ കിഴുവള്ളില്‍ പുത്തന്‍പറമ്പില്‍ ഷാജിക്കാണ് പണം നഷ്ടമായത്. ആക്രി സാധനങ്ങള്‍ക്കൊപ്പം ലഭിച്ച എടിഎം കാര്‍ഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിന്‍ നമ്പറും ഉപയോഗിച്ച് തമിഴ്‌നാട് സ്വദേശിയാണ് പണം തട്ടിയത്. 

സംഭവത്തില്‍ തെങ്കാശി സ്വദേശി ബാലമുരുകന്‍ പൊലീസ് പിടിയിലായി.  61 തവണകളായി 6.31 ലക്ഷം രൂപയാണ് പ്രതി പിന്‍വലിച്ചത്. ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂര്‍ ശാഖയിലെ ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാര്‍ഡാണ് നഷ്ടമായത്. 2018 ല്‍ എടിഎം കാര്‍ഡ് ലഭിച്ചിരുന്നെങ്കിലും, വിദേശത്തേക്ക് പോയതിനാല്‍ ഷാജി കാര്‍ഡ് ഉപയോഗിച്ചിരുന്നില്ല. 

2018 ലുണ്ടായ പ്രളയത്തില്‍ ഷാജിയുടെ വീട്ടിലും വെള്ളം കയറി. കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ആക്രിവിലയ്ക്ക് വിറ്റു. ഇതിനൊപ്പം കാര്‍ഡും ഉള്‍പ്പെടുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ 25 ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അക്കൗണ്ടില്‍ പണം ഇല്ലായിരുന്നു. എടിഎം കാര്‍ഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ പിന്‍വലിച്ചെന്ന് ബാങ്ക് ജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ അബുദാബിയില്‍ ആയതിനാല്‍ മെസ്സേജ് കണ്ടില്ലെന്നും ഷാജി പറയുന്നു.  

2022 ഒക്ടോബര്‍ 7നും 22 നും ഇടയില്‍ 61 തവണ ഷാജിയുടെ അക്കൗണ്ടില്‍ നിന്നും എടിഎം ഉപയോഗിച്ച് പണം പിന്‍വലിച്ചെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം, ഇടമണ്ണ്, പുനലൂര്‍, കറ്റാനം, തമിഴ്‌നാട്ടിലെ മധുര, നാമക്കല്‍, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളില്‍ നിന്നാണ് പണം പിന്‍വലിച്ചത്. തുടര്‍ന്ന് ഈ എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എല്ലാ ദൃശ്യങ്ങളിലും ഒരു ലോറിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകന്‍ പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com