ഇനി പി ടി സെവന്‍ അല്ല, 'ധോണി'
By സമകാലിക മലയാളം ഡെസ്ക് | Published: 22nd January 2023 03:11 PM |
Last Updated: 22nd January 2023 03:11 PM | A+A A- |

പി ടി സെവനെ മയക്കുവെടി വെച്ചപ്പോള്‍
പാലക്കാട് : പിടിയിലായ കാട്ടുകൊമ്പന്‍ പി ടി സെവന് 'ധോണി' എന്ന് വനംവകുപ്പ് പേരിട്ടു. ധോണി എന്ന സ്ഥലം പ്രശസ്തമായത് പി ടി സെവന്‍ ദൗത്യത്തോടെയാണ്. ധോണി ഗ്രാമത്തെ അത്രമേല്‍ അറിയുന്ന പിടി സെവന്‍ എന്ന കാട്ടുകൊമ്പന് ഏറെ അനുയോജ്യമായ പേരാണ് ധോണി എന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച കാട്ടുകൊമ്പനെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ച് തളച്ചത്. മുണ്ടൂരിനും ധോണിക്കും ഇടയിലെ വനാതിര്‍ത്തിക്കടുത്തു വച്ചാണ് പിടി സെവനെ മയക്കുവെടിവച്ചത്. രാവിലെ 7.10നും 7.15നും ഇടയിലാണ് പിടി സെവന് മയക്കുവെടി വെച്ചത്. ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായാണ് കൊട്ടുകൊമ്പന് വെടിയേറ്റത്.
ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹോയത്തോടെ ലോറിയില്‍ കയറ്റിയാണ് ആനയെ ധോണിയിലെ ഫോറസ്റ്റ് ഓഫീസിലെത്തിച്ചത്. ഇവിടെ യൂക്കാലിപ്റ്റസ് തടി കൊണ്ട് നിര്‍മ്മിച്ച കൂട്ടിലേക്ക് ആനയെ മാറ്റി. മൂന്നുമാസത്തോളം ആനയെ കര്‍ശന നിരീക്ഷണത്തിന് വിധേയനാക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
കാട്ടുകൊമ്പന്‍ പിടി സെവനെ തളച്ച ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ സക്കറിയക്കും, ദൗത്യസംഘത്തിനും ബിഗ് സല്യൂട്ട്. പിടികൂടിയ പി ടി സെവനെന്ന കാട്ടുകൊമ്പനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കാനാണ് ആലോചിക്കുന്നത്. ആനയെ കോന്നിയിലേക്ക് മാറ്റും എന്നതടക്കമുള്ള തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളില്‍ നിന്നും ആളുകള്‍ പിന്തിരിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ