ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളില്‍ പ്രതി; ഇറച്ചി വിറ്റത് മോശം എന്ന് അറിഞ്ഞ് തന്നെ: ഡിസിപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2023 04:51 PM  |  

Last Updated: 24th January 2023 04:51 PM  |   A+A-   |  

junais

ജുനൈസ്, സ്‌ക്രീന്‍ഷോട്ട്‌

 

കൊച്ചി: കളമശ്ശേരിയില്‍ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി ജുനൈസ് മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതിയെന്ന് പൊലീസ്. ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്‌റ്റേഷനില്‍ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട് പൊള്ളാച്ചില്‍ നിന്നാണ് ജുനൈസ് പഴകിയ മാംസം കൊണ്ടുവന്നത്. ഇയാള്‍ക്കെതിരെ 269, 270, 273,34, 328 വകുപ്പുകളാണ് ചുമത്തിയത്. മോശം ഇറച്ചി എന്ന് അറിഞ്ഞ് തന്നെയാണ് ജുനൈസ് വിറ്റതെന്നും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും ഡിസിപി എസ് ശശിധരന്‍ പറഞ്ഞു. ഹോട്ടലുകള്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഡിസിപി അറിയിച്ചു. 

പാലക്കാട് മണ്ണാര്‍കാട് ഒതുക്കും പുറത്തു വീട്ടില്‍ ജുനൈസിനെ പൊന്നാനിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം കളമശ്ശേരി പൊലീസ് പിടികൂടിയത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ചാണ് ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇറച്ചി പഴയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതുമെന്നാണ് ജുനൈസ് പൊലീസിന് മൊഴി നല്‍കിയത്. കൊച്ചിയില്‍ 50 കടകളുമായി ഇടപാട് നടത്തിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പിടികൂടിയ ബില്ലുകളിലുള്ള കടകളുമായി ഇടപാട് നടത്തിയിട്ടുണ്ടെന്നും പൊലീസിനോട് സമ്മതിച്ചു. 

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നുള്‍പ്പെടെ ഇറച്ചി എത്തിച്ചിരുന്നു. വിലക്കുറവിലാണ് ഇറച്ചി നല്‍കിയിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജുനൈസിനെതിരെ മനഃപ്പൂര്‍വം അപായപ്പെടുത്താന്‍ വിഷവസ്തു കഴിപ്പിച്ചെന്ന വകുപ്പ് ചുമത്തിയിട്ടുണ്ട്. പത്തുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി സെക്ഷന്‍ 328 വകുപ്പു പ്രകാരമാണ് ജുനൈസിനെ അറസ്റ്റു ചെയ്തത്. 

നിശ്ചിത താപനിലയ്ക്കും മുകളില്‍ മാംസം സൂക്ഷിച്ചാല്‍ ബാക്ടീരിയ പ്രവര്‍ത്തിച്ച് വിഷമായി മാറും. ഇതു കണക്കിലെടുത്താണ് 328 വകുപ്പു ചുമത്തിയത്. ജുനൈസിന്റെ കൈപ്പടമുകളിലെ മാംസ സംഭരണ, വിതരണ കേന്ദ്രത്തില്‍ നിന്ന് 515 കിലോ അഴുകിയ മാംസമാണ് പിടിച്ചെടുത്തത്. ഇയാളുടെ വാടക വീട്ടില്‍ നിന്നും 49 ഹോട്ടലുകളുടെ ബില്ലുകള്‍ നഗരസഭയ്ക്ക് ലഭിച്ചു. പിന്നീട് പൊലീസ് പരിശോധനയില്‍ 55 ഹോട്ടലുകളുടെ ബില്ലുകള്‍ കൂടി പിടിച്ചെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പികെ ഫിറോസിനെ കാണാന്‍ ശശി തരൂര്‍ പൂജപ്പുര ജയിലില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ