കലിതുള്ളി കാലവര്‍ഷം; ഇതുവരെ മരിച്ചത് 8പേര്‍,  ക്യാമ്പുകളിലേക്ക് മാറ്റിയത് 879പേരെ, രാത്രി മഴ ശക്തമാകും, ജാഗ്രതാ നിര്‍ദേശം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th July 2023 09:24 PM  |  

Last Updated: 05th July 2023 09:24 PM  |   A+A-   |  

kerala_rain

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 8 ആയി. ജൂണ്‍ ഒന്നുമുതലുള്ള കണക്കാണ് ഇത്. രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയില്‍ മഴ കൂടുതല്‍ ശക്തമാകും. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലം ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. 

ഇന്ന് ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും കൊല്ലം, തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിലായി നിലവില്‍ 47 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 879 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 339 പുരുഷന്മാരും, 362 സ്ത്രീകളും, 178 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. എന്‍ഡിആര്‍എഫ് ടീം 21 പേരെ വിവിധ ജില്ലകളിലായി രക്ഷപ്പെടുത്തിയിട്ടുണ്ട്. 

അടിയന്തര സാഹചര്യങ്ങളില്‍ വിന്യസിക്കാനായി ദേശിയ ദുരന്ത പ്രതികരണ സേനയുടെ അംഗങ്ങളെ വിവിധ ജില്ലകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; മഴ കനക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ