ബിസിനസ് വൈരം; മലയാളി സിഇഒ അടക്കം രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍ 

മലയാളി സിഇഒ അടക്കം രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍
ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ
ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ

ബം​ഗലൂരു: മലയാളി സിഇഒ അടക്കം രണ്ടുപേരെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ജോക്കര്‍ ഫെലിക്‌സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്‌സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തില്‍ ആര്‍ വിനുകുമാര്‍ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണു മരിച്ചത്. കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് പിടിയിലായ ഫെലിക്‌സ്. സാമൂഹിക മാധ്യമങ്ങളില്‍ കൊലപാതക വാര്‍ത്ത ഫെലിക്‌സ് പങ്കുവെച്ചിരുന്നതായി  ബംഗളൂരു പൊലീസ് പറയുന്നു.

ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ കമ്പനി ഓഫീസില്‍ കടന്നുകയറി ഫെലിക്‌സ് ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന വിനയ് റെഡ്ഡിയെയും സന്തോഷിനെയും അടക്കം മൂന്ന് പ്രതികളെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് മൂവരെയും പിടികൂടിയത്. 

ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് വിനുകുമാറും ഫണീന്ദ്ര സുബ്രഹ്മണ്യുവും  മരിച്ചത്. എയറോണിക്‌സ് മീഡിയയില്‍ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്‌സ് മറ്റൊരു ഇന്റര്‍നെറ്റ് കമ്പനിക്കു രൂപം നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്‌സ് വാള്‍ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് എയ്‌റോണിക്‌സ് കമ്പനി സ്ഥാപിച്ചത്. ഫെലിക്‌സും കൊല്ലപ്പെട്ടവരും സമാന ബിസിനസ് ആണ് നടത്തിയിരുന്നതെന്നും  എയ്‌റോണിക്‌സ് കമ്പനി ഫെലിക്‌സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഫെലിക്‌സ് ടിക്ടോക് താരം കൂടിയാണെന്നും പൊലീസ് വ്യക്തമാക്കി. 

വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവര്‍ ഒന്നാം നിലയിലും മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളിനൊപ്പം കത്തി കൊണ്ടുള്ള ആക്രമണവും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com