

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഡോ. ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇഡിക്ക് പുറമേ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലും ഷെറി ഐസക്കിന്റെ സ്വത്തുക്കളിന്മേല്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഷെറി ഐസക് ചികിത്സ നല്‍കിയിരുന്നത് പണം നല്‍കുന്നവര്‍ക്ക് മാത്രമെന്ന് വിജിലന്‍സ് കണ്ടെത്തി. ഓട്ടുപാറയിലെ ക്ലിനിക്കിന് സമീപത്തെ മെഡിക്കല്‍ ഷോപ്പ് വഴിയാണ് കൈക്കൂലിത്തുക ഉറപ്പിച്ചിരുന്നത്. ക്ലിനിക്കില്‍ ഡോക്ടറെ കാണാനുള്ള ബുക്കിങ്ങും മെഡിക്കല്‍ ഷോപ്പ് വഴിയായിരുന്നു. ഡോക്ടറുടെ ഫീസും ശസ്ത്രക്രിയയ്ക്ക് നല്‍കേണ്ട തുകയും മെഡിക്കല്‍ഷോപ്പ് ആണ് രോഗികളെ അറിയിച്ചിരുന്നതെന്നും വിജിലന്‍സ് പറയുന്നു.
ഷെറി ഐസക്കിനെതിരെ നിരവധി ഫോണ്‍ കോളുകളാണ് വിജിലന്‍സിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്. പാലക്കാട് സ്വദേശിയാണ് ഡോക്ടര്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഡോക്ടര്‍ കൈക്കൂലി വാങ്ങിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
ഇദ്ദേഹം താമസിക്കുന്ന മുളങ്കുന്നത്തുകാവിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വിജിലന്‍സ് 15 ലക്ഷം രൂപ കണ്ടെടുത്തത്. 500, 2000, 100, 200 എന്നിങ്ങനെ വിവിധ നോട്ടുകളുടെ കെട്ടുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 25 നോട്ടുകെട്ടുകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.
അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കായി 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞദിവസമാണ് ഡോക്ടര്‍ അറസ്റ്റിലാകുന്നത്.തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടറാണ് ഇദ്ദേഹം. ഒരാഴ്ച മുന്‍പ് അപകടംപറ്റി പരിക്കേറ്റ യുവതിയെ പാലക്കാട് നിന്ന് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. അപകടത്തില്‍ കൈയിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ പല കാരണം പറഞ്ഞ് ഒഴിവാക്കിയാതായി യുവതി പറയുന്നു. സാധാരണനിലയില്‍ അപകടത്തില്‍പ്പെട്ടവരെ ക്യാഷാലിറ്റിയില്‍ എത്തിച്ചപ്പോള്‍ തന്നെ ശസ്ത്രക്രിയ ഉള്‍പ്പടെ ആവശ്യമായ ചികിത്സ നല്‍കേണ്ടതായിരുന്നു. എന്നാല്‍ അതിന് ഡോക്ടര്‍ തയ്യാറായില്ല.
പല തവണ യുവതിയോട് മറ്റ് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട ഡോക്ടര്‍, പലകാരണം പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. പണം കിട്ടിയാല്‍ മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളൂവെന്ന് ഡോക്ടര്‍ ഉറപ്പിച്ച് പറഞ്ഞതോടെ യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശനുസരണം യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തി മൂവായിരം രൂപ കൈക്കൂലി നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
