

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ അന്വേഷണം ആരംഭിച്ചു. വിനായകന്റെ വിഡിയോ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. നോർത്ത് പൊലീസിനാണു കേസിന്റെ അന്വേഷണച്ചുമതല.
ഉമ്മൻചാണ്ടിയെ അധിക്ഷേപിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തുവെന്ന കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് വിനായകനെതിരെ പൊലീസ് കേസെടുത്തത്. സാമൂഹിക മാധ്യമത്തിലൂടെയുള്ള പരാമർശമായതിനാൽ എഫ്ഐആർ റദ്ദാക്കില്ലെന്നും അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ തന്റെ വീടിനു നേരെ അക്രമം നടത്തിയതിനെതിരെ നടൻ പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്നാരോപിച്ച് വിനായകൻ നോർത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. കലൂരിലെ ഫ്ളാറ്റിലെത്തിയ സംഘം ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വാതിൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ കേസെടുത്തിട്ടില്ല.
വിനായകന്റെ പേരിൽ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഇതേ അഭിപ്രായമാവും പറയുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ, പരാതി പിൻവലിക്കില്ലെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. പരാതിക്കാരിലൊരാളായ കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് സനൽ നെടിയതറ ഇന്നലെ നോർത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates