ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാഭരണം; പറഞ്ഞത് നടപ്പാക്കുന്ന സര്‍ക്കാര്‍: മുഖ്യമന്ത്രി

2016 ന് ശേഷം നമ്മുടെ നാട്ടില്‍ നടക്കില്ല എന്നു പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞു എന്നത് വസ്തുതയാണ്
മുഖ്യമന്ത്രി പ്രസംഗിക്കുന്നു
മുഖ്യമന്ത്രി പ്രസംഗിക്കുന്നു
Updated on
1 min read

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിലേത് മാതൃകാഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നല്‍കിയത് വാദ്ഗാനങ്ങള്‍ പാലിച്ചതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകകേരളസഭയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

2016 ന് ശേഷം നമ്മുടെ നാട്ടില്‍ നടക്കില്ല എന്നു പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞു എന്നത് വസ്തുതയാണ്. നാഷണല്‍ ഹൈവേ, ഗെയ്ല്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഗെയ്ല്‍ പദ്ധതി പൂര്‍ത്തിയായി പൈപ്പ് ലൈനിലൂടെ ഗ്യാസ് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേയിലൂടെ വൈദ്യുതിയും പ്രവഹിക്കുന്നു. 

2016 ല്‍ വല്ലാത്ത നിരാശയാണ് ആളുകള്‍ക്ക് ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജനങ്ങള്‍ക്ക് പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുന്നു. ഒന്നും നടക്കില്ല എന്ന ധാരണ മാറി. കേരളത്തില്‍ ചിലത് നടക്കും എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിൽ സർവതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. നഗരവൽക്കരണം ഏറ്റവും വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. കെ ഫോൺ വഴി അത് കേരളത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാർഥ്യമാകും. നിക്ഷേപ സൗഹൃദവും വ്യവസായ അന്തരീക്ഷവും മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇപ്പോൾ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാർഥ്യമാകുന്ന പദ്ധതിയാണ് കെ റെയിൽ പദ്ധതിയെന്ന്, ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആർക്കും മനസ്സിലാകാത്ത ചില കാര്യങ്ങൾ പറഞ്ഞാണ് കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണ് കെ റെയിലും വേണ്ടിയിരുന്നുവെന്ന ചർച്ചകളുണ്ടായതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com