

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവർ ഇനി പത്രവായന പതിവാക്കണം. പരീക്ഷകളിൽ തുടർമൂല്യനിർണയത്തിനു നൽകുന്ന 20% മാർക്കിൽ പകുതി പത്ര–പുസ്തക വായനയിലെ മികവു പരിഗണിച്ചാക്കാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങുന്ന ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പി എൻ പണിക്കർ ഫൗണ്ടേഷൻ വായനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
പഠനാനുബന്ധപ്രവർത്തനങ്ങളിലെ മികവു പരിഗണിച്ച് നിലവിൽ 100 മാർക്കിന്റെ പരീക്ഷയ്ക്ക് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കും തുടർമൂല്യ നിർണയത്തിലൂടെ സ്കൂൾതലത്തിൽ നൽകുന്നുണ്ട്. ഇതിൽ 10 മാർക്ക് പത്ര–പുസ്തക വായനയിലുള്ള താൽപര്യത്തിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ നൽകാനാണു തീരുമാനം. കുട്ടികളെ സാമൂഹികാവബോധവും വിശാലമായ അറിവും നേടാൻ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതെന്ന് ശിവൻകുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ വാർത്താവായന മത്സരത്തിലൂടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് പത്രവായനയിലൂടെ ഗ്രേസ് മാർക്കു നേടാനും കഴിയും. മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കി വാർത്തയും അവലോകനവും തയാറാക്കി അവതരിപ്പിക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്കാണ് ഗ്രേസ് മാർക്ക് ലഭിക്കുക. സ്കൂൾതലം മുതൽ സംസ്ഥാനതലം വരെയാണു മത്സരം. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് ലഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates