'ചെമ്പടയുടെ' വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണം; സിപിഎമ്മിലെ പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞു വീഴും: കെ സുധാകരന്‍

അന്വേഷണം തുടര്‍ന്നാല്‍ സിപിഎമ്മിലെ പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞു വീഴും
കെ സുധാകരൻ/ എക്സ്പ്രസ് ചിത്രം
കെ സുധാകരൻ/ എക്സ്പ്രസ് ചിത്രം
Updated on
1 min read


തിരുവനന്തപുരം: വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ നേതാള്‍ അബിന്‍ സി രാജും നിഖില്‍ തോമസും ഉന്നതരായ പലര്‍ക്കും വ്യാജസര്‍ട്ടിഫിക്കറ്റ് തയാറാക്കി നല്‍കിയെങ്കിലും ആ വഴിക്കുള്ള അന്വേഷണം നിലച്ചത് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്വേഷണം തുടര്‍ന്നാല്‍ സിപിഎമ്മിലെ പല ഉന്നതരുടെയും മുഖംമൂടി അഴിഞ്ഞു വീഴും. നിഖിലിന്റെ ഫോണ്‍ പോലീസ് മനഃപ്പൂര്‍വ്വം ഒളിപ്പിച്ചത് ഇതിലുള്ള രഹസ്യങ്ങളുടെ കലവറ തുറക്കുമെന്ന് ഭയന്നാണെന്നും അദ്ദേഹം ആരോപിച്ചു. 

സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയകളായ 'ചെമ്പട കായംകുളം', 'കായംകുളം വിപ്ലവം' എന്നിവ ചേരിതിരിഞ്ഞു നടത്തുന്ന പോരാട്ടത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗവുമായ കെഎച്ച് ബാബുജന്റെ സഹായത്തോടെ കായംകുളത്തെ മറ്റൊരു സിപിഎം നേതാവിന്  കേരള ലോ അക്കാദമിയില്‍ എല്‍എല്‍എമ്മിന് അഡ്മിഷന്‍ ലഭിച്ചതിനെ ചെമ്പട കായംകുളം ചോദ്യം ചെയ്യുന്നു. മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും എസ്എഫ്‌ഐ പ്രവര്‍ത്തകനെ അക്രമിച്ച കേസിലെ പ്രതിയുമാണ് വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ അഡ്മിഷന്‍ നേടിയത്. ബികോമിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംഎസ്എം കോളേജില്‍ നിഖില്‍ തോമസിന് എംകോമിന് അഡ്മിഷന്‍ നേടിക്കൊടുത്തതും ബാബുജനാണ്.  

നിഖിലിന് മാത്രമല്ല നിരവധി പേര്‍ക്ക്  അബിന്‍ സി രാജ് കലിംഗ സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് പണം വാങ്ങി നല്‍കിയതായി 'കായംകുളത്തിന്റെ വിപ്ലവം' എന്ന ഫെയ്ബുക്ക് കൂട്ടായ്മയും ആരോപിക്കുന്നു. ആരോപണം നേരിടുന്ന നേതാക്കളെല്ലാം സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. പേടിച്ചുനില്‍ക്കുന്ന പൊലീസ് ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. സിപിഎമ്മിന്റെ സമൂഹ കൂട്ടായ്മയിലൂടെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിക്കണം. അതിന് പൊലീസ് തയ്യാറല്ലെങ്കില്‍  ഈ വിഷയങ്ങളില്‍ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെപിസിസി കോടതിയെ സമീപിക്കും.

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ കൈതോലപ്പായിലെ പിണറായി വിജയന്റെ കോടികളുടെ പണം കടത്തിലിനെ കുറിച്ച് വെളിപ്പെടുത്തുകയും ബെന്നി ബഹ്നാല്‍ എംപി ഇതു സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തെങ്കിലും പൊലീസിന് മൗനം തന്നെ. പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള രണ്ടുപേര്‍ 1500 ഏക്കര്‍  ഭൂമി സ്വന്തമാക്കിയതും പൊലീസിന് അന്വേഷണവിഷയമല്ല.  പ്രതിപക്ഷ നേതാവിനും തനിക്കുമെതിരേ ഉയര്‍ന്ന വ്യാജ ആരോപണങ്ങളില്‍ മിന്നല്‍വേഗതിയിലാണ് പൊലീസ് നടപടിയെടുക്കുന്നത്. കേരള പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ഇനി കോടതി മാത്രമാണ് ആശ്രയമെന്നും സുധാകരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com