വിദ്യാർത്ഥികളുടെ മരണം; മാങ്കുളത്ത് ട്രക്കിങ് നിരോധിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 08:41 PM  |  

Last Updated: 03rd March 2023 08:41 PM  |   A+A-   |  

mankulam trekking

പ്രതീകാത്മക ചിത്രം

 

അടിമാലി; മാങ്കുളത്ത് ട്രക്കിങ്ങിന് നിരോധനം ഏർപ്പെടുത്തി. വല്യപാറക്കുട്ടി ചോലക്കയത്ത് വ്യാഴാഴ്ച മൂന്ന്​ സ്കൂൾ വിദ്യാർഥികൾ ​മുങ്ങിമരിച്ച പശ്ചാത്തലത്തിലാണ് നടപടി. എല്ലാ ട്രക്കിങ്​ പരിപാടികളും നിരോധിച്ചതായി ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. മാങ്കുളം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നാണ്​ തീരുമാനമെടുത്തത്​.

മൂന്ന്​ കുട്ടികൾ കയത്തിൽ മുങ്ങി മരിച്ചതടക്കം നിരവധി അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി. ദുരന്തം നടന്ന വല്യപാറക്കുട്ടി ഭാഗത്തേത്ത് വാഹനങ്ങൾ എത്താതിരിക്കാൻ വനം വകുപ്പ്​ അധികൃതർ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് വലിയ കിടങ്ങ്​ തീർത്തു​. അടിമാലി ഫോറസ്റ്റ്​​ റേഞ്ചിൽ മച്ചിപ്ലാവ് സ്റ്റേഷന്​ കീഴിൽ വരുന്ന പ്രദേശമാണ് ഇവിടം.

 അതിനിടെ സ്കൂൾ വിനോദയാത്ര സംഘത്തെ അനധികൃതമായി വനത്തിൽ ​കൊണ്ടുവന്ന മൂന്ന്​ വാഹന ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. ബിനോജ് അറിയിച്ചു. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്

സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടോളം വെള്ളത്തിൽ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പ്രമുഖ യാത്രക്കാരൻ'; ഇപിയെ തണുപ്പിക്കാൻ ഇൻഡി​ഗോ ശ്രമം, ഉന്നത ഉദ്യോ​ഗസ്ഥർ ഫോണിൽ വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ