വരാപ്പുഴ സ്ഫോടന കേസ്; ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി ജെൻസൺ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 09:16 PM  |  

Last Updated: 03rd March 2023 09:16 PM  |   A+A-   |  

varapuzha

ഫയല്‍ ചിത്രം

 

കൊച്ചി: എറണാകുളം വരാപ്പുഴയിൽ പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായ സംഭവത്തിൽ കേസിലെ മുഖ്യ പ്രതിയും പടക്കശാലയുടെ ഉടമയുമായ ജെൻസൺ അറസ്റ്റിൽ. സ്ഫോടനത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. വടക്കാഞ്ചേരിയിലുള്ള സുഹൃത്തിനൊപ്പം കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.  

നേരത്തെ ഇയാളുടെ സഹോദരൻ ജെയ്സണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയാണ് ജെയ്സൺ. അനധികൃത പടക്ക നിർമാണശാലയിലെ മേൽനോട്ടക്കാരനായിരുന്നു ജെയ്‌സൺ. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ മത്തായിയെ ഇനിയും പിടികൂടാനുണ്ട്. 

പടക്ക വിൽപ്പനയ്ക്കുള്ള ലൈസൻസിന്റെ മറവിൽ ഇവിടെ നടന്നത് പടക്ക നിർമാണമാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ജെയ്‌സൺ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളത്. അതിൻ്റെ മറവിൽ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നു. 

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പടക്കശാലയിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്ന് കൂട്ടികൾ ഉൾപ്പെടെ ഏഴ് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 

പൂർണമായും തകർന്ന പടക്കശാലയുടെ സമീപത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകൾക്കും നാശം സംഭവിച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ഒറ്റനില വീട്ടിലാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. കെട്ടിടം സ്ഫോടനത്തിൽ പൂർണമായും തകർന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്ലാസില്‍ കയറാത്തത് അധ്യാപികയോട് പറഞ്ഞെന്ന് സംശയം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച് സഹപാഠികളുടെ  ക്രൂരത; കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌