ബ്രഹ്മപുരം തീപിടിത്തം; നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍, അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്

By സമകാലികമലയാളം ഡെസ്ക്  |   Published: 04th March 2023 05:39 PM  |  

Last Updated: 04th March 2023 05:39 PM  |   A+A-   |  

brahmapuram

തീപിടത്തതെ തുടര്‍ന്ന് നഗരത്തില്‍ വ്യാപിച്ച പുക/എക്‌സ്പ്രസ് ഫോട്ടോ

 

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്ന സാഹചര്യത്തില്‍, കൊച്ചി നഗരത്തിലെ ജനങ്ങള്‍ നാളെ വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്ന് കലക്ടര്‍ രേണു രാജ്. നാളെ ഞായറാഴ്ചകൂടി ആയതിനാല്‍, ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ഒഴിച്ച് പകല്‍ സമയത്ത് വീടിനുള്ളില്‍ തന്നെ കഴിയണം. ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കടകളും സ്ഥാപങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശമില്ല. എന്നിരുന്നാലും കഴിയുന്നതും സ്ഥാപനങ്ങള്‍ അടച്ചിടണം. പൊതുജനങ്ങളും സ്ഥാപന ഉടമകള്‍ സഹകരിക്കണമെന്ന് കലക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീയണയ്ക്കല്‍ ശ്രമം നിലവിലെ രീതിയില്‍ തന്നെ തുടരാനാണ് തീരുമാനം. 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് പുറമേ കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ എത്തിക്കും. തൊട്ടടുത്തുള്ള പുഴയില്‍ നിന്ന് വെള്ളം പമ്പു ചെയ്യാനായി ശക്കതിയുള്ള പമ്പുകള്‍ ആലപ്പുഴയില്‍ നിന്നെത്തിക്കും. സഹായത്തിനായി വ്യോമസേനയുടെ കോയമ്പത്തൂര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമാണെങ്കില്‍ മൂന്നുമണിക്കൂറിനുള്ളില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. നേവിയുടെ ഹെലികോപ്റ്റര്‍ എത്തിച്ച് തീയണക്കാന്‍ ശ്രമിച്ചപ്പോള്‍ താഴെനിന്ന് തീണയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നിലവില്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കേണ്ട എന്നാണ് തീരുമാനമെന്നും കലക്ടര്‍ വ്യക്തമാക്കി. 

തീ ആളിക്കത്തുന്നത് നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാല്‍ മാലിന്യ കൂമ്പാരത്തിന്റെ അടിയില്‍ നിന്ന് തീ പുകയുന്നതാണ് പ്രശ്‌നമെന്നും കലക്ടര്‍ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കമ്മീഷണര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.  തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആശുപത്രികളില്‍ ആരും എത്തിയിട്ടില്ലെന്ന് ഡിഎംഒ അറിയിച്ചു. പിഎച്ച്‌സി, ജനറല്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്രഹ്മപുരത്തിന് അടുത്ത് ഓക്‌സിജന്‍ കിയോസ്‌ക് സ്ഥാപിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പ്; സമരം പിന്‍വലിച്ച് ഹര്‍ഷിന 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ