'വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ?';റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല.
പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു
പിണറായി വിജയന്‍ നിയമസഭയില്‍ സംസാരിക്കുന്നു


തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

'മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയം ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണെന്ന് നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവള്‍ അറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് അത് ധീരമായ പത്രപ്രവര്‍ത്തനം അല്ല' - പിണറായി പറഞ്ഞു.

'മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗവും ഇത്തരം ദുഷിപ്പുകള്‍ മാധ്യമരംഗത്തുണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരവുമാണ്. വ്യാജ വീഡിയോ ഉണ്ടാക്കുക. അതിന് വേണ്ടി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുക ഇതെല്ലാം നടത്തിയിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷവേണമെന്ന് വാദിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ ഒരാളെ വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ കൊലപ്പെടുത്തിയാല്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാകുമോ?  എവിടേക്കാണ് നമ്മള്‍ പറഞ്ഞുപറഞ്ഞു പോകുന്നത്. മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തെല്ലാമാകാമെന്നതിന് നിയതമായ കാര്യങ്ങള്‍ ഇല്ലേ?. അതിന് എന്തുമാകാമോ? .  ഇവിടെ ഉണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുകയാണ്. ആ വഴിക്ക് പോകണ്ട. ഇതിന് അതുമായി ഒരു താരതമ്യവും ഇല്ല. ബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്കുവെളിച്ചത്ത് കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ ഏതെങ്കിലും സര്‍ക്കാരിനോ, ഭരണാധികാരിക്കോ എതിരെയുള്ള തുറന്നുകാട്ടല്‍ അല്ല. അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ട് പ്രതികാരനടപടിയെന്ന് പറഞ്ഞാല്‍ വിലപ്പോവില്ല.  ആ വ്യാജവാര്‍ത്ത ഏതെങ്കിലും തരത്തിലുള്ള     ഒരുവിധ പ്രകോപനവും ഉണ്ടാക്കുന്നില്ലെന്ന്' മുഖ്യമന്ത്രി പറഞ്ഞു.  

ലഹരിമാഫിയക്കെതിരെ ഒരു വാര്‍ത്ത വന്നാല്‍ അതില്‍ വിറളി കൊള്ളേണ്ടത് ലഹരിമാഫിയയ്ക്കാണ്. എസ്എഫ്‌ഐക്കെതിരെയോ, സിപിഎമ്മിനോ, സര്‍ക്കാരിനെതിരെയോ അല്ല. ഇത്തരം ക്യാംപെയ്‌നുകള്‍ ഒന്നും വേണ്ട എന്നാണോ?. സര്‍ക്കാരിനെതിരായ ഗൂഢാലോചന എന്നാണ് ഏഷ്യാനെറ്റിനെതിരായ എഫ്‌ഐആറില്‍ പറയുന്നത്. ലഹരി മാഫിയയ്‌ക്കെതിരായ വാര്‍ത്ത എങ്ങനെ സര്‍ക്കാരിനെതിരാകുമെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു 

ബിബിസി ഓഫീസില്‍ പരിശോധന നടന്നത് ഒരു ഡോക്യുമെന്ററിയുടെ പേരിലാണ്. ബിബിസിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സിപിഎം കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പുണ്ട്. ആ പ്രസ്താവനയില്‍ മോദി എന്ന ഭാഗം ഒഴിവാക്കി പിണറായിയെന്നും ഇഡി എന്ന ഭാഗം ഒഴിവാക്കി കേരള പോലീസ് എന്നുമാക്കിയാല്‍ ആ നോട്ടീസ് അതേ പോലെ ഇറക്കാമെന്നും വിഷ്ണുനാഥ് പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ഇന്നലെ രാത്രി വാട്‌സാപ്പ് വഴി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്തുള്ള മാധ്യമപ്രവര്‍ത്തകയ്ക്ക് ഇന്നലെ രാത്രി 9.30ന് വാട്‌സാപ്പില്‍ മെസേജ് അയക്കുകയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോഴിക്കോട് എത്താന്‍.  എസ്എഫ്‌ഐ ഭരണ പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ്. ആരാണ് എസ്എഫ്‌ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല നല്‍കിയത്. ഏഷ്യാനെറ്റ് നേരെയുള്ള അതിക്രമം ഒരു മുന്നറിയിപ്പാണ്. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കരുത് എന്ന് എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണിത്. പഞ്ച പുച്ഛമടക്കി ഇരിക്കണം എന്നാണ് മുന്നറിയിപ്പ്. 

ഇപി ജയരാജന്‍ പറഞ്ഞതുപോലെ പിണറായി വിജയന്‍ ഐശ്വര്യം എന്ന് എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും മുമ്പില്‍ ബോഡ് എഴുതണമെന്നാണ് അവരുടെ നിലപാട്. വിനു വി ജോണിനു എതിരെ നേരത്തെ പൊലീസ് കേസ് എടുത്തത് പരോക്ഷ പരാമര്‍ശത്തിന്റെ പേരിലാണ്. ചര്‍ച്ചയിലെ പരോക്ഷ പരാമാശത്തിന്റെ പേരില്‍ കേസെടുത്ത കാര്യം അദ്ദേഹം അറിയുന്നത് പാസ്‌പോര്‍ട്ട് പുതുക്കാന്‍ പോയപ്പോള്‍ മാത്രമാണ്. രഹസ്യമായിട്ടാണ് കേസ് എടുത്തത്. ചാനല്‍ ചര്‍ച്ചയില്‍ നടക്കുന്ന പരോക്ഷ പരാമര്‍ശത്തെ പോലും ഉള്‍ക്കൊള്ളാനാകാത്ത അസഹുഷ്ണുത നാട് അംഗീകരിക്കില്ല. അതിനെ ചെറുക്കുക തന്നെ ചെയ്യും. ഇത് വരെ കേരളത്തില്‍ മാധ്യമ സ്ഥാപനത്തിന്റെ അകത്തു കയറി അതിക്രമം നടന്നിട്ടില്ല. 34 കൊല്ലം ബംഗാളില്‍ ചെയ്തു തന്നെയാണ് ഇപ്പോള്‍ കേരളത്തിലും ചെയ്യുന്നത്. കേരള ചരിത്രത്തില് ഇന്നേ വരെ ഒരു മാധ്യമസ്ഥാപനത്തിന് അകത്തും അതിക്രമം നടന്നിട്ടില്ല. ബംഗാള്‍ റൂട്ടിലേക്കാണ് പിണറായി വിജയന്റെ ഭരണം പോകുന്നത്. പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവുമെന്നും വിഷ്ണുനാഥ് പറഞ്ഞു. ്അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com