ഹൈക്കോടതി, ഫയല്‍ ചിത്രം
ഹൈക്കോടതി, ഫയല്‍ ചിത്രം

'കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥ, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടതായും ഹൈക്കോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് ഒരു കത്ത് നല്‍കിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് വിഷയം പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് രൂക്ഷ വിമര്‍ശനം ഉണ്ടായത്.

ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടിരിക്കുകയാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു.

എന്നാല്‍ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിച്ചത് എന്ന കാര്യത്തില്‍ കോടതി വിശദീകരണം ചോദിച്ചു. കേരളത്തെ ഒരു മാതൃക സംസ്ഥാനമായാണ് കാണുന്നത്. കേരളത്തില്‍ കാര്യമായ ഒരു വ്യവസായം പോലുമില്ല. എന്നിട്ടു പോലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവുന്നു. വ്യവസായങ്ങള്‍ ഉണ്ടായിട്ടു പോലും ഹൈദരാബാദ്, സെക്കന്തരാബാദ് പോലെയുള്ള നഗരങ്ങളില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഹൈക്കോതി ഇടപെടുന്നത്. ഇതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, ജില്ലാ കലക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരോട് ഇന്ന് ഉച്ചയ്ക്ക് 1.45ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. വിഷയം ഉച്ചയ്ക്ക് കോടതി വീണ്ടും പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com