

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളാക്കി വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സിഐടിയു നേതാക്കുളുമായാണ് മന്ത്രി ആന്റണി രാജു ചർച്ച നടത്തിയത്. ശമ്പളം ഒറ്റത്തവണയായി തന്നെ നൽകണമെന്നായിരുന്നു തൊഴിലാളി നേതാക്കളുടെ വാദം.
എന്നാൽ ശമ്പളം ഒറ്റത്തവണയായി നൽകാൻ നിവൃത്തിയില്ലെന്ന് മന്ത്രി നിലപാടെടുത്തു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശമ്പളം ഗഡുക്കളായി നൽകാനേ നിർവാഹമുള്ളുവെന്നും തീരുമാനം മനഃപൂർവം കൈക്കൊണ്ടതല്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സഹായ ധനമായി 70 കോടി രൂപ കിട്ടാനുണ്ട്. കെഎസ്ആർടിസിയുടെ ശുപാർശ ധനമന്ത്രിയുടെ പരിഗണനയിലാണ്. സർക്കാർ സഹായം വൈകുന്നതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണമെന്നും മന്ത്രി പറഞ്ഞു. സമയത്തിന് ഫയൽ കൈമാറുന്നുണ്ട്. എന്നാൽ കൃത്യസമയത്ത് സഹായ ധനം ലഭിക്കുന്നില്ല. മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
3200 കോടിയുടെ കൺസോർഷ്യം വായ്പ തിരിച്ചടയ്ക്കാനുണ്ട്. എണ്ണക്കമ്പനികൾക്ക് 123കോടിയുടെ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സിഎംഡി ബിജു പ്രഭാകറും സമാന നിലപാടാണ് സ്വീകരിച്ചത്. സർക്കാറിൽ നിന്നുള്ള പ്രതിമാസ ധനസഹായമായ 50 കോടി മാസാദ്യം ലഭിച്ചാൽ നേരത്തേ ശമ്പളം നൽകാനാകുമെന്നായിരുന്നു വിലയിരുത്തൽ. ഈ തുക കിട്ടാൻ വൈകുന്നത് ശമ്പള വിതരണത്തെയും ബാധിക്കുന്നുണ്ട്. വിഷയത്തിൽ തുടർ ചർച്ച ആവശ്യമാണെന്നാണ് പൊതുവായി ഉരുത്തിരിഞ്ഞ ധാരണ. ഈ മാസം 18ന് വീണ്ടും ചർച്ച നടക്കും.
താത്കാലിക ജീവനക്കാരുടെ നിയമനത്തിലെ അപാകതയും നേതാക്കൾ ചൂണ്ടിക്കാട്ടി. നേരത്തേ പുറത്തായ താത്കാലികക്കാരെ സീനിയോറിറ്റി പ്രകാരം പുനർനിയമിക്കണമെന്നാണ് ധാരണയെങ്കിലും അതുമറികടന്ന് മന്ത്രിയും എംഡിയുമെല്ലാം കാണുന്നവർക്ക് നിയമനം നൽകുന്നുവെന്നായിരുന്നു ആരോപണം. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
