'ചെറിയ മാറ്റം വരുത്തിയാൽ സ്ത്രീ ശബ്ദമായേനെ'; മൈക്ക് ഓപ്പറേറ്റർക്ക് ശകാരം, എംവി ഗോവിന്ദന് എതിരെ ലൈറ്റ് ആന്റ് സൗണ്ട് അസോസിയേഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 06:43 PM  |  

Last Updated: 08th March 2023 06:44 PM  |   A+A-   |  

govindan-mike

എംവി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

 


കൊച്ചി: ജനകീയ പ്രതിരോധജാഥക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ചതിനെതിരെ പ്രതിഷേധവുമായി ലൈറ്റ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് ആന്റ് പ്രൊപ്രൈറ്റര്‍ അസോസിയേഷന്‍. എംവി ഗോവിന്ദന്റെ പ്രസംഗം മോശമാക്കണമെങ്കില്‍ എളുപ്പമായിരുന്നു. ചെറിയ മാറ്റം വരുത്തിയാല്‍ സ്ത്രീയുടെ ശബ്ദമാക്കാനും പ്രസംഗം മനസ്സിലാകാത്ത രീതിയിലാക്കാനും സാധിക്കും. നന്നാക്കാനാണ് ഓപ്പറേറ്റര്‍ ശ്രമിച്ചത്. അതിന്റെ പേരിലാണ് ശകാരം കേള്‍ക്കേണ്ടി വന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഓപ്പറേറ്ററോട് സ്വകാര്യമായി പറയുന്നതായിരുന്നു ശരി. അത്രയും വലിയ സദസിന് മുന്നില്‍വെച്ച് അപമാനിച്ചത് വേദനാജനകമാണ്. പരസ്യമായി അപമാനിച്ചതില്‍ വിഷമമുണ്ടെന്നും എന്നാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നുമാണ് ഓപ്പറേറ്റര്‍ പറഞ്ഞതെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രതിരോധജാഥയില്‍ സംസാരിക്കുന്നതിനിടെ ഓപ്പറേറ്റര്‍ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടതാണ് എംവി ഗോവിന്ദനെ ചൊടിപ്പിച്ചത്. മൈക്ക് പ്രവര്‍ത്തിപ്പിക്കുന്നതിന് നിരവധി ആധുനിക സംവിധാനങ്ങളുണ്ടെന്നും അതൊന്നും അറിയാതെ കുറേ സാധനങ്ങള്‍ കൊണ്ടുവന്ന് അവസാനം മൈക്കിനടുത്തേക്ക് നീങ്ങിനില്‍ക്കാല്‍ കല്‍പ്പിക്കുകയാണ് എന്നായിരുന്നു എംവി ഗോവിന്ദന്‍ വേദിയില്‍ പരസ്യമായി പ്രതികരിച്ചത്. സംഭവം വിവാദമായതോടെ അതില്‍ വിശദീകരണവുമായി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയിട്ടില്ലെന്നും ശരിയായിട്ട് തന്നെയാണ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ മൈക്ക് ഓപ്പറേറ്റര്‍ പലതവണ ഇടപെട്ടപ്പോഴാണ് പൊതുയോഗത്തില്‍ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി, വിദ്യാര്‍ഥിനി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ