'30 കോടി വാഗ്ദാനം; എംവി ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്ന് പറഞ്ഞു; കണ്ണൂരില്‍ നിന്ന് ഒരാള്‍ സമീപിച്ചു'- വെളിപ്പെടുത്തലുമായി സ്വപ്ന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 05:52 PM  |  

Last Updated: 09th March 2023 05:52 PM  |   A+A-   |  

swapna

ടെലിവിഷൻ ദൃശ്യം

 

ബംഗളൂരു: നാടുവിട്ടു പോയില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്തതായും അവര്‍ വെളിപ്പെടുത്തി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു ഗുരുത​ര ആരോപണങ്ങളുമായി അവര്‍ വീണ്ടും രംഗത്തെത്തിയത്. 

മൂന്ന് ദിവസം മുന്‍പ് വിജയ് പിള്ള എന്നയാള്‍ തന്നെ സമീപിച്ചു. കണ്ണൂരിലുള്ള ആളാണ്. ബംഗളൂരുവില്‍ വരണമെന്നും ഇന്റര്‍വ്യൂ എടുക്കണമെന്നും നിരന്തരം പറഞ്ഞു. അതിന് പിന്നാലെ താനും മകനും അദ്ദേഹത്തെ കാണാന്‍ ബംഗളൂരുവിലെ ഹോട്ടലില്‍ ചെന്നു. ഹോട്ടലിലെ ലോബിയില്‍ വച്ച് സംസാരിച്ചു. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പിന് വിളിച്ചതാണെന്ന് പിന്നീട് മനസിലായി. പുള്ളിക്കാരന്‍ ഒരാഴ്ചത്തെ സമയമാണ് പറഞ്ഞത്. മക്കളേയും കൊണ്ട് കേരളത്തില്‍ നിന്ന് സ്ഥലംവിടുക. ഹരിയാനയിലോ ജെയ്പുരിലോ വീടെടുത്തു തരാം. 

തന്റെ കൈയിലുള്ള എല്ലാ തെളിവുകളും തരാനാണ് ആവശ്യപ്പെട്ടത്. ചീഫ് മിനിസ്റ്റര്‍, വീണ, കമല മാഡം എന്നിവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അവര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ക്ലൗഡിലോ മറ്റെവിടെയെങ്കിലോ സൂക്ഷിച്ചിട്ടുള്ള തെളിവുകളടക്കം എല്ലാം കൈമാറുക. അവര്‍ നശിപ്പിച്ചുകൊള്ളാം എന്നും പറഞ്ഞു. 

ഇക്കാര്യങ്ങള്‍ പ്രത്യേകം പറഞ്ഞ് മനസിലാക്കി അനുസരിപ്പിക്കാന്‍ വിട്ടതാണ് ഈ വിജയ് പിള്ളയെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കൊന്നു കളയുമെന്ന് വ്യക്തമാക്കി. ചീഫ് മിനിസ്റ്റര്‍, വീണ, യൂസഫലി എന്നിവര്‍ക്കെതിരെ സംസാരിക്കുന്നതെല്ലാം അവസാനിപ്പിച്ച് ജനങ്ങളോട് ക്ഷമ ചോദിച്ച് താന്‍ കള്ളം പറഞ്ഞതാണെന്ന് ഏറ്റുപറഞ്ഞ് ഇവിടെ നിന്ന് മുങ്ങുക. 

മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട്, വിസ എന്നിവ ഒരു മാസത്തിനുള്ളില്‍ റെഡിയാക്കി തരാമെന്നും പറഞ്ഞു. സ്വ്പന സുരേഷ് ജീവനോടെയുണ്ടോ ഇല്ലയോ എന്നൊന്നും ഇവിടുത്തെ ജനം അറിയാന്‍ പാടില്ല. 30 കോടി നല്‍കി തന്നെ സെറ്റില്‍ ചെയ്യാമെന്നും വാഗ്ദാനം നല്‍കി. 

ചീഫ് മിനിസ്റ്ററും കുടുംബവും ഗോവിന്ദന്‍ മാഷെന്ന പാര്‍ട്ടി സെക്രട്ടറി ഇവരെല്ലാം ചേര്‍ന്ന് സഹായിക്കാമെന്ന് പറഞ്ഞു. യൂസഫലി എന്നു പറയുന്ന വ്യക്തി യുഎഇയെ ഉപയോഗിച്ച് പണി തരും. യൂസഫലിയെ കുറിച്ച് ഒന്നും പറയരുത്. യൂസഫലിക്ക് എയര്‍പോര്‍ട്ടില്‍ ഷെയറുണ്ട്. കൂടാതെ ഭയങ്കരമായ സ്വാധീനമുണ്ട്. 

വിമാന യാത്ര ചെയ്യുന്നതിനാല്‍ ലഗേജില്‍ ഡ്രഗ്‌സടക്കം വച്ച് കുടുക്കും. മൂന്ന് വര്‍ഷത്തേക്ക് അവര്‍ക്കെന്നെ ജയിലില്‍ കിട്ടിയാല്‍ മതി. അതല്ലെങ്കില്‍ സ്ഥലം കാലിയാക്കണം. രാമലീല സിനിമയില്‍ ദീലീപ് രക്ഷപ്പെടുന്നത് പോലെ സ്വപ്‌നയെ മറ്റൊരു രാജ്യത്ത് മാറി താമസിക്കാന്‍ സൗകര്യം ചെയ്യാമെന്നും പറഞ്ഞു. 

മരണം ഉറപ്പായി കഴിഞ്ഞു. എങ്കിലും അവസാനം വരെ പോരാടാന്‍ തീരുമാനിച്ചാണ് ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനുള്ള അജണ്ടയൊന്നും ഇല്ല. 

തന്നെയും മക്കളേയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗോവിന്ദന്‍ മാഷ് തീര്‍ത്തുകളയുമെന്നു തീര്‍ത്തും പറഞ്ഞു. എയര്‍പോര്‍ട്ടിലോ എവിടെ വച്ചെങ്കിലും കണ്ടാല്‍ യൂസഫലി കള്ളക്കേസിലടക്കം കുടുക്കുമെന്ന് പറഞ്ഞു. 

മുഖ്യമന്ത്രിയും കുടുംബവും 30 കോടി വാഗ്ദാനം ചെയ്തു. ഇതെല്ലാം വിജയ് പിള്ളയെന്ന മാന്യന്‍ വളരെ വ്യക്തമായി തന്നെ പറഞ്ഞു. ആദ്യം അപേക്ഷയായും പിന്നീട് ഭീഷണിപ്പെടുത്തുന്ന തരത്തിലുമായിരുന്നു അയാള്‍ സംസാരിച്ചത്. രണ്ട് ദിവസം കൊണ്ട് തീരുമാനമെടുക്കണമെന്നും പറഞ്ഞു. 

ഈ ഫുള്‍ സ്റ്റോറി ഈ മെയിലായി തന്റെ വക്കീലിന് കൈമാറിയിട്ടുണ്ടെന്നും സ്വപ്‌ന വ്യക്തമാക്കി. ഇ മെയില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി, ഇഡി എന്നിവര്‍ക്ക് തന്റെ വക്കീല്‍ കാമാറിയിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചി നഗരത്തിലെ മാലിന്യനീക്കം പുനഃ സ്ഥാപിക്കും; വായുമലിനീകരണം പഠിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ