വൈദേകം റിസോര്‍ട്ടിലെ കുടുംബ ഓഹരി ഒഴിവാക്കാന്‍ ഇപി; വില്‍ക്കാന്‍ തയ്യാറെന്ന് ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു

By സമകാലികമലയാളം ഡെസ്ക്  |   Published: 09th March 2023 11:19 AM  |  

Last Updated: 09th March 2023 11:19 AM  |   A+A-   |  

ep_jayarajan

ഇപി ജയരാജന്‍/ഫയല്‍ ചിത്രം

 

കണ്ണൂര്‍: വൈദേകം ആയൂര്‍വേദ റിസോര്‍ട്ടില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയാരജന്റെ കുടുംബത്തിനുള്ള ഒഹരികള്‍ വില്‍ക്കാന്‍ തീരുമാനം. ഭാര്യ ഇന്ദിരയുടേയും മകന്‍ ജെയ്‌സണിന്റേയും ഓഹരികളാണ് വില്‍ക്കുന്നത്. ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് ഇപിയുടെ കുടുംബം ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു.

പി കെ ഇന്ദിരയുടെ പേലില്‍ 81.99 ലക്ഷത്തിന്റെ ഓഹരിയും ജെയ്‌സണ്‍ ജയരാജന് 10 ലക്ഷം രൂപയുടെയും ഓഹരിയാണ് ഉള്ളത്. ഇന്ദിരയാണ് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണ്‍. 

റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഓഹരി വില്‍ക്കുന്ന നടപടിയിലേക്ക് ഇപിയുടെ കുടുംബം കടന്നത്.  
ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയില്‍നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിരുന്നു.

ആയുര്‍വേദ റിസോര്‍ട്ടിന് പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ച് ഇപി ജയരാജനെതിരെ ഗുരുതര ആരോപണങ്ങള്‍ ഡിസംബറില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്നും ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്സനുമാണ് ഇതില്‍ ഓഹരിയുള്ളതെന്നും നിക്ഷേപിച്ച പണം മകന്‍ വിദേശത്തു ജോലി ചെയ്ത സമ്പാദ്യവും ഭാര്യ ജില്ലാ സഹകരണ ബാങ്കില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യവുമാണെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ