ലൈസന്‍സില്ലാത്ത പടക്ക കടകള്‍ക്ക് 'പൂട്ട്'; തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയിക്കണം; ഡിജിപിയുടെ മാര്‍ഗനിര്‍ദേശം 

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ജ്ജലീകരണം ഒഴിവാക്കാനായി കുടിവെള്ളം ലഭ്യമാക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം ചെലവിനായി ഇതിനകം തന്നെ ജില്ലകള്‍ക്ക് പണം കൈമാറിയിട്ടുണ്ട്. 

വരുംദിവസങ്ങളില്‍ വിശിഷ്ടവ്യക്തികള്‍ സംസ്ഥാനം സന്ദര്‍ശിക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടിവരും. അവര്‍ക്കെല്ലാം ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍  ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പടക്കം വില്‍ക്കുന്ന കടകള്‍ പ്രത്യേകം നിരീക്ഷിക്കാനും ലൈസന്‍സ് ഇല്ലാത്ത ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. 

പട്രോളിങ് ഡ്യൂട്ടിയിലും ബീറ്റ് ഡ്യൂട്ടിയിലുമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. പൊലീസ് സ്റ്റേഷനുകളിലും മറ്റ് ഓഫീസുകളുടെ പരിസരത്തും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി പാത്രങ്ങളില്‍ വെള്ളം കരുതണം.

അടിയന്തിരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലും 04712722500, 9497900999 എന്ന നമ്പറില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com