'ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍?', വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു; സ്വപ്‌നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 06:04 PM  |  

Last Updated: 11th March 2023 06:04 PM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ് കൃഷ്ണരാജപുര പൊലീസ് സ്റ്റേഷന് മുന്നില്‍, ഫെയ്‌സ്ബുക്ക്‌

 

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്നു എന്ന് ആരോപണം നേരിടുന്ന വിജേഷ് പിള്ളയ്‌ക്കെതിരെ തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ്. കേസില്‍ തന്റെ മൊഴി രേഖപ്പെടുത്തിയതായും കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന ചിത്രം സഹിതമുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്വപ്‌ന സുരേഷ് വ്യക്തമാക്കി. 

'സ്വര്‍ണക്കടത്ത് കേസിന്റെ ഒത്തുതീര്‍പ്പിനായി ചര്‍ച്ച നടന്നെന്ന് പറയുന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചു.ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍?' - കുറിപ്പില്‍ പറയുന്നു.

കുറിപ്പ്: 

'എന്റെ പരാതിയില്‍ കര്‍ണാടക പോലീസ് ധൃത നടപടികള്‍ ആരംഭിച്ചു.
കര്‍ണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പോലീസിനെ അറിയിച്ചു.
ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍.'


സ്വര്‍ണക്കടത്ത് കേസിന്റെ ഒത്തുതീര്‍പ്പിനായി 30 കോടി രൂപ വാഗ്ദാനം ചെയ്തതായി കഴിഞ്ഞദിവസമാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി അടക്കമുള്ളവരുമായി ബന്ധപ്പെട്ട  തെളിവുകളെല്ലാം കൈമാറണമെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.  എന്നാല്‍ ആരോപണങ്ങള്‍ എല്ലാം പച്ചക്കള്ളമാണെന്നും ബിസിനസ് സംബന്ധമായ കാര്യം ചര്‍ച്ച ചെയ്യാനാണ് അവരെ പോയി കണ്ടതെന്നുമാണ് വിജേഷ് പിള്ളയുടെ മറുപടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകൾ അടിച്ചു മാറ്റുന്നു'- വീഡിയോ വ്യാജമെന്ന് പൊലീസ്; മേയറുടെ പരാതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ