'വിഎസ് പാര്‍ട്ടി വിട്ട് വന്നിരുന്നുവെങ്കില്‍ രാഷ്ട്രീയ ചരിത്രം തന്നെ വേറെ ആകുമായിരുന്നു '; കെ കെ രമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 12:04 PM  |  

Last Updated: 12th March 2023 12:11 PM  |   A+A-   |  

rema new

കെ കെ രമ, ഫോട്ടോ: എക്സ്പ്രസ്

 

കൊച്ചി:  മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്ന് സിപിഎം വിട്ട് പുറത്തുവന്നിരുന്നുവെങ്കില്‍ രാഷ്ട്രീയ ചരിത്രം തന്നെ വേറെ ഒന്നാകുമായിരുന്നു എന്ന് ആര്‍എംപി നേതാവ് കെ കെ രമ. വി എസ് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു മാറ്റം സംഭവിച്ചേനെ. വിഎസ് പാര്‍ട്ടി വിട്ടുവരുമെന്ന് താന്‍ അടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നുവെന്നും കെ കെ രമ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ കെ രമ.

'വിഎസിന്റെ കൂടെ നിന്നു എന്ന് പറയുമ്പോഴും വിഎസിനെ പ്രതീക്ഷിച്ച് കൊണ്ടല്ല ആര്‍എംപി രൂപീകരിച്ചത്. വിഎസിന്റെ ആശയങ്ങളാണ് ഞങ്ങള്‍ പിന്തുടര്‍ന്നത്. വിഎസ് പാര്‍ട്ടി വിട്ട് വരുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ചന്ദ്രശേഖരനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ വിഎസിനെ കണ്ടിട്ടല്ല പാര്‍ട്ടി രൂപീകരിക്കുന്നത് എന്നാണ് പറഞ്ഞത്. വിഎസ് ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ ഇതല്ല സംഭവിക്കുക. രാഷ്ട്രീയം തന്നെ മാറിയെനേ.' - കെ കെ രമ പറഞ്ഞു.

'വിഎസിനെ പോലെ പാര്‍ട്ടിയില്‍ നിന്ന് കൊണ്ടുതന്നെ പോരാടാന്‍ ടിപി അടക്കമുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. വിഎസ് തലപ്പത്തിരിക്കുന്നയാളാണ്. വിഎസ് ആയതുകൊണ്ടാണ് ഇത്രയുമധികം വിമര്‍ശനങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നടക്കം ഉയര്‍ന്നിട്ടും ആ പാര്‍ട്ടിക്കകത്ത് നില്‍ക്കാന്‍ സാധിച്ചത്. ചില  അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്താനും തയ്യാറായി കാണാം. ടിപി അങ്ങനെ അഡ്ജസ്റ്റുമെന്റുകള്‍ക്ക് നിന്ന് കൊടുക്കാന്‍ തയ്യാറാവുന്ന ആളല്ല. ഒരുവിധത്തിലും പാര്‍ട്ടിയില്‍ നിന്നുപോകാന്‍ കഴിയാത്ത സാഹചര്യം വന്നതോടെയാണ് അതില്‍ നിന്ന് ഞങ്ങൾ പുറത്തേയ്ക്ക് വന്നത്'- കെ കെ രമ കൂട്ടിച്ചേര്‍ത്തു.

'വിഎസിന്റെ നിലപാട് സ്വീകരിച്ചു എന്നത് തന്നെയാണ് കൊലപാതകത്തിന് കാരണം എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.വിഎസ് ഇപ്പുറത്തേയ്ക്ക് വന്നിരുന്നെങ്കില്‍ ഇത് സംഭവിക്കാതിരിക്കുമോ എന്നൊന്നും അറിയില്ല. എന്നാല്‍ ടിപി കൊല്ലപ്പെടുമെന്ന് വിഎസ് അറിഞ്ഞിട്ടുണ്ടാവില്ല. വിഎസ് പ്രതീക്ഷിച്ചിട്ട് പോലും ഉണ്ടാവില്ല. വിഎസ് അസ്വസ്ഥനായിരുന്നു. അതുകൊണ്ടാണ് വീട്ടില്‍ വന്നത്. കേസിന്റെ കാര്യം ഉള്‍പ്പെടെ അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെ നിന്നവര്‍ പോലും മറുപക്ഷത്തേയ്ക്ക് പോയി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ടിപിയുടെ വീട്ടില്‍ വിഎസ് സന്ദര്‍ശനം നടത്തിയത് രാഷ്ട്രീയ തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാകാം'- കെ കെ രമ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിണറായി നികൃഷ്ടമായ മനസിന് ഉടമ, അല്ലെങ്കില്‍ ഭൂമിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് അങ്ങനെ പറയില്ല; കെ കെ രമ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ