തീ പൂർണമായി കെടുത്തി, ബ്രഹ്മപുരത്ത് 48 മണിക്കൂർ ജാഗ്രത; ആരോഗ്യ സർവെ ഇന്ന് മുതൽ
By സമകാലിക മലയാളം ഡെസ്ക് | Published: 14th March 2023 07:02 AM |
Last Updated: 14th March 2023 07:02 AM | A+A A- |

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിൽ നടക്കുന്ന പരിശോധന/ ഫെയ്സ്ബുക്ക്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നടത്തുന്ന മെഡിക്കൽ സർവേ ഇന്നു മുതൽ ആരംഭിക്കും. പുക മൂലം വായു മലീനികരണമുണ്ടായ സ്ഥലങ്ങളില്‍ ആരോഗ്യ സര്‍വേ നടത്തുന്നതിന്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി.
ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്താനും വേണ്ട സജ്ജീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്.
കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതല്‍ ഇത് പ്രവര്‍ത്തനമാരംഭിക്കും.
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പു വരുത്താന്‍ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്ത്താല്‍മോളജി, പീഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങള്‍ ലഭ്യമാകും. ഇതിനു പുറമെ, എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
അതിനിടെ, 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ പിടിത്തവും പുകയും പൂര്‍ണമായി ശമിച്ചതായി കലക്ടർ എൻഎസ്കെ ഉമേഷ് വ്യക്തമാക്കി. തിങ്കളാഴ്ച്ച വൈകീട്ട് 5.30 ഓടെ 100 ശതമാനവും പുക അണയ്ക്കാനായതായും അദ്ദേഹം അറിയിച്ചു.
ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കലക്ടര്‍. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയർഫോഴ്സ്, സിവിൽ ഡിഫൻസ്, പോലീസ്, ഹോംഗാർഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റർ ഓപ്പറേറ്റർമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്.
സ്‌മോള്‍ഡറിങ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാലും രണ്ട് മണിക്കൂറിനകം അണയ്ക്കുമെന്നും കലക്ടർ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ട് മൊബൈല്‍ യൂണിറ്റുകളുടെ സേവനം ഇന്നലെ മുതൽ തന്നെ ലഭ്യമാണ്. ഈ മൊബൈല്‍ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേര്‍ക്ക് സേവനം നല്‍കി.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍
യൂണിറ്റ് 1
രാവിലെ 9.30 മുതല്‍ 11 വരെ : സുരഭി നഗര്‍ വായനശാല
രാവിലെ 11.30 മുതല്‍ 1 വരെ : നിലംപതിഞ്ഞി മുഗള്‍
ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ : എടച്ചിറ - അങ്കണവാടി
ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ : ചിറ്റേത്തുകര - ചകഘജട
യൂണിറ്റ് 2
രാവിലെ 9.30 മുതല്‍ 10.30 വരെ : ഇരുമ്പനം എല്‍പി സ്‌കൂള്‍
ഉച്ചയ്ക്ക് 11 മുതല്‍ 12.30 വരെ : തിരുവാന്‍കുളം പി.എച്ച്.സി
വൈകു. 1.30 മുതല്‍ 3 വരെ : കടക്കോടം അങ്കണവാടി
വൈകു. 3.30 മുതല്‍ 5 വരെ : ഏരൂര്‍ കെഎംയുപി സ്‌കൂള്‍
യൂണിറ്റ് 3
രാവിലെ 9.30 മുതല്‍ 11 വരെ : ചെറിയ ക്ലബ്ബ് 52 ഡിവിഷന്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : കുഡുംബി കോളനി
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍
യൂണിറ്റ് 4
രാവിലെ 9.30 മുതല്‍ 11 വരെ : ഗിരിനഗര്‍ കമ്മ്യൂണിറ്റി ഹാള്‍
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : എസ്എന്‍ഡിപി ഹാള്‍ ചമ്പക്കര
വൈകു. 2 മുതല്‍ 4 വരെ : കോരു ആശാന്‍ സ്‌ക്വയര്‍
യൂണിറ്റ് 5
രാവിലെ 9.30 മുതല്‍ 11 വരെ : ലേബര്‍ കോളനി ഡിവിഷന്‍ 45
ഉച്ചയ്ക്ക് 11.30 മുതല്‍ 1 വരെ : ചങ്ങമ്പുഴ പാര്‍ക്ക്
വൈകു. 2 മുതല്‍ 4 വരെ : പാടിവട്ടം സ്‌കൂള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബ്രഹ്മപുരം തീപിടിത്തം; കേന്ദ്രം ഇടപെടുന്നു;സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ