'വീടും പരിസരവും ശുചിയാക്കണം'; മഴക്കാല പൂര്‍വ ശുചീകരണം യജ്ഞം ഏപ്രില്‍ ഒന്നുമുതല്‍

മഴക്കാലം വരുന്നതിന് മുന്‍പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
പിണറായി വിജയന്‍/ ഫയല്‍
പിണറായി വിജയന്‍/ ഫയല്‍
Updated on
2 min read

തിരുവനനന്തപുരം: സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശൂചീകരണയജ്ഞം ഏപ്രില്‍ ഒന്നിന് തുടങ്ങും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുന്‍പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാംപെയ്‌നിന്റെ ഭാഗമായി വൃത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍, മാലിന്യക്കൂനകള്‍, കവലകള്‍, ചെറു പട്ടണങ്ങള്‍, പൊതു ഇടങ്ങള്‍, അപ്പാര്‍ട്‌മെന്റ് കോംപ്ലക്സുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, ചന്തകള്‍, കമ്മ്യൂണിറ്റി ഹാള്‍, വിവാഹ മണ്ഡപങ്ങള്‍, ഓഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാംപസുകള്‍ മുതലായവ വൃത്തിയാക്കി വലിച്ചെറിയല്‍ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇക്കാര്യം ചെയ്യണമെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന ചുമതലയായി ഇത് കാണണം.

ഹരിത കര്‍മസേനയെ ഫലപ്രദമായി ഉപയോഗിച്ചു വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം.ന്മ കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.

മഴക്കാലപൂര്‍വ ശുചീകരണത്തിന് ഓരോ വകുപ്പിലുമുള്ള ഫണ്ടുകളുടെ ലഭ്യത ജില്ലാ കലക്ടര്‍മാര്‍ ഉറപ്പാക്കേണ്ടതാണ്.ന്മ മുഴുവന്‍ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീര്‍ച്ചാലുകള്‍, തോടുകള്‍, കുളങ്ങള്‍, ഓടകള്‍ എന്നിവയുടെ പട്ടിക തയാറാക്കി വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.

കെട്ടിടങ്ങള്‍ പൊളിച്ച അവശിഷ്ടങ്ങള്‍ നദി, കായല്‍ എന്നിവിടങ്ങളില്‍ ഇടുന്നത് സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യണം. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യം പ്രാദേശികമായി മുന്‍കൂട്ടി തയാറാക്കണം

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍, സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എന്നിവ പഞ്ചായത്ത് വാര്‍ഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ഉറപ്പ് വരുത്തണം.

ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കി വില്ലേജ് ഓഫിസര്‍, പൊലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും ഏല്‍പ്പിക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആവശ്യമായ ഘട്ടങ്ങളില്‍ ആളുകളെ കുടിയൊഴിപ്പിച്ചു ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കണം.

ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാംപുകളായി തിരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം.

അപകടസാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടി മരങ്ങള്‍ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം.

വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെഎസ്ഇബി നടത്തണം. ഇതിനു സമയക്രമം നിശ്ചയിച്ച് ചുമതല നല്‍കണം.

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂമുകളുമായി ചേര്‍ന്നുകൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

പൊലീസ്, അഗ്‌നിരക്ഷാസേന എന്നിവര്‍ അവരുടെ പക്കലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്നു മുന്‍കൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം.

എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. ജില്ലകളില്‍ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, മഴക്കാലപൂര്‍വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂര്‍ത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കില്‍ അവ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ കര്‍മ പദ്ധതി തയാറാക്കുകയും വേണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവര്‍ത്തന കലണ്ടര്‍ തയാറാക്കുന്നത് ഉചിതമാകും. പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും അറിയിക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com