മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ല; സുരേന്ദ്രനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കുമെന്ന് വിഡി സതീശന്‍

ബിജെപിയുമായുള്ള സ്‌നേഹബന്ധത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലും മിണ്ടാത്തത്.
വിഡി സതീശന്‍ /ഫയല്‍
വിഡി സതീശന്‍ /ഫയല്‍

തിരുവനന്തപുരം: സിപിഎം വനിതാനേതാക്കളെ  അധിക്ഷേപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രന് എതിരെ കേസെടുക്കണം. സുരേന്ദ്രനെതിരെ സിപിഎം നേതാക്കള്‍ പരാതിനല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പൊലീസില്‍ പരാതി നല്‍കും. സുരേന്ദ്രന്റെപ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ ചുണ്ടനക്കുന്നില്ലെന്നും സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു

ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. ബിജെപിയുമായുള്ള സ്‌നേഹബന്ധത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യുഡിഎഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞ് തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എംഎല്‍എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയെന്നും സതീശന്‍ ചോദിച്ചു.

ബിജെപി ഇതര സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സിപിഎമ്മുമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് യുഡിഎഫിന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും സതീശന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് കേരളത്തിലെ ഒരു ഏജന്‍സിക്കും അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുമുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസിലും രാജ്യാന്തര ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് വിജിലന്‍സിന് അന്വേഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ കൂട്ടുകെട്ട് അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ചെലവില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.

ബ്രഹ്മപുരം തീപിടിത്തത്തില്‍ 20 ദിവസത്തിന് ശേഷമാണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അനാവശ്യമായ കാലതാമസം റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. കരാറുകാരനെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com