'അടുത്ത തലമുറയ്ക്ക് 100 കിലോമീറ്റര്‍ സ്പീഡ് മതിയോ?, അതുമതിയെന്ന് തീരുമാനിച്ച ദീര്‍ഘദര്‍ശി ആര്?'- വീഡിയോ 

തനിക്കും അടുത്ത തലമുറയ്ക്കും മറ്റു ഏത് രാജ്യത്തെ മനുഷ്യര്‍ യാത്ര ചെയ്യുന്ന അതേ വേഗത്തില്‍ യാത്ര ചെയ്യാന്‍ അവകാശം ഉണ്ടെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  തനിക്കും അടുത്ത തലമുറയ്ക്കും മറ്റു ഏത് രാജ്യത്തെ മനുഷ്യര്‍ യാത്ര ചെയ്യുന്ന അതേ വേഗത്തില്‍ യാത്ര ചെയ്യാന്‍ അവകാശം ഉണ്ടെന്ന് സഞ്ചാരിയും സഫാരി ടിവി സ്ഥാപകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. 
ഒരു ചൈനക്കാരന്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സൗകര്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്റെ മക്കള്‍ക്കും ആ സൗകര്യം വേണം. സില്‍വര്‍ലൈനിനെയോ ഗോള്‍ഡന്‍ ലൈനിനെയോ അല്ല അനുകൂലിക്കുന്നതും എതിര്‍ക്കുന്നതും.തനിക്ക് സ്പീഡ് വേണം. സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കണമെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ജോര്‍ജ് കുളങ്ങര.

'ഇന്ത്യക്കാരനാണ് വിമാനം കണ്ടുപിടിച്ചതെങ്കില്‍ അതിന് 200 കിലോമീറ്റര്‍ സ്പീഡ് മതിയെന്ന് തീരുമാനിക്കുമായിരുന്നോ?.900 കിലോമീറ്റര്‍ വേഗത്തില്‍ ബോയിങ് വിമാനം പറക്കുമ്പോള്‍ അതില്‍ യാത്ര ചെയ്യാന്‍ കുഴപ്പമില്ല. വിമാനത്തിന്റെ കാര്യത്തില്‍ എത്ര വേഗത്തിലായാലും കുഴപ്പമില്ല. മറ്റു ഗതാഗതസംവിധാനത്തിന് അത്ര സ്പീഡ് വേണ്ട എന്ന് തീരുമാനിച്ചത് ഏത് വിദഗ്ധനാണ് എന്ന് അറിഞ്ഞാല്‍ കൊള്ളാം.അടുത്ത തലമുറയ്ക്ക് 100 കിലോമീറ്റര്‍ സ്പീഡ് മതി എന്ന് തീരുമാനിച്ച ആ ദീര്‍ഘദര്‍ശി ആരാണ്?'- സന്തോഷ് ജോര്‍ജ് കുളങ്ങര ചോദിച്ചു.

'ഏതോ ഒരു മരമണ്ടന്‍.അയാളുടെ പറമ്പില്‍ പോവാനും. അയാളുടെ പഞ്ചായത്തിലെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോകുമ്പോഴും ഇനി ഇത്തരം ട്രെയിനില്‍ കയറിയില്ലെങ്കിലും കുഴപ്പമില്ല എന്ന തിരിച്ചറിവില്‍ എടുത്തതാണോ ഇനിയുള്ള തലമുറയൊന്നും സ്പീഡില്‍ യാത്ര ചെയ്യേണ്ട എന്ന്. വീടിന്റെ അടുത്ത് പലചരക്ക് കട നടത്തുന്നവര്‍ക്കും പഞ്ചായത്തില്‍ തന്നെയുള്ള സ്‌കൂളില്‍ പഠിപ്പിക്കുന്നയാള്‍ക്കും ഇതിന്റെ ആവശ്യമില്ല. എന്നുകരുതി മക്കള്‍ അങ്ങനെയാവുമെന്ന് കരുതരുത്. ഗതാഗതം മനുഷ്യന് ആവശ്യമാണെന്നും അതിവേഗത്തില്‍ എത്തേണ്ടത് മനുഷ്യന്റെ ആവശ്യമാണെന്നും തിരിച്ചറിയുന്ന തലമുറയാണ് അടുത്തത്'- സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

'ഇതൊന്നും അറിയാത്തതാവരാണോ ചൈനക്കാര്‍. 450ല്‍ നിന്ന് 600 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ മത്സരിക്കുകയാണ് അവര്‍. ചൈനയായിട്ടാണ് മത്സരിക്കുന്നത്. സില്‍വര്‍ലൈനിനെയോ ഗോള്‍ഡന്‍ ലൈനിനെയോ അല്ല എതിര്‍ക്കുന്നതും അനുകൂലിക്കുന്നതും. എനിക്ക് സ്പീഡ് വേണം.സുരക്ഷിതമായ യാത്ര വേണം. സ്പീഡില്‍ എത്തണം. എത്തിയേ പറ്റൂ. ഒരു മണിക്കൂര്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ പറ്റണം. ഒരു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം എത്താന്‍ പറ്റണം. ഒന്നര മണിക്കൂര്‍ കൊണ്ട് കണ്ണൂര്‍ എത്താന്‍ കഴിയണം. അതാണ് ലോകത്തിന്റെ സ്പീഡ്. ചൈനയിലും ജപ്പാനിലും ഇതാണ് സംഭവിക്കുന്നത്. നമുക്ക് അത് വേണം'- സന്തോഷ് ജോര്‍ജ് കുളങ്ങര ഓര്‍മ്മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com