പൊന്നമ്പലമേട്ടിലെ പൂജ; ഒളിവിലുള്ളവരെ തേടി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

വനം വികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് അറസ്റ്റിലായവർ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെ അന്വേഷിച്ച് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് പൂജാരി ഒഴിവിൽ പോയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കായി പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നൽകും. 

വനം വികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരാണ് അറസ്റ്റിലായവർ. പൂജ നടത്തിയ നാരായണൻ നമ്പൂതിരി അടക്കം ഏഴ് പേർ ഒളിവിലാണെന്നും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നു. തൃശൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസം.

നാരായണൻ നമ്പൂതിരിക്ക് അറസ്റ്റിലായ  രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി മുൻപരിചയമുണ്ട്. ആറുപേര്‍ക്കൊപ്പമാണ് നാരായണന്‍ നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ രാജേന്ദ്രന്‍ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നല്‍കിയെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ഒരു മണിക്കൂർ സംഘം പൊന്നമ്പലമേട്ടിൽ ചെലവഴിച്ചു. 

പൊന്നമ്പലമേട്ടിലേക്ക് അതിക്രമിച്ചു കയറാൻ സംഘത്തിനു ഒത്താശ ചെയ്തത് കുമളി സ്വദേശിയായ കണ്ണൻ എന്ന ആളാണ്. പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് പരിചയപ്പെടുത്തിയത് ഇയാളാണ്. പണം നൽകിയതും ഇയാൾ വഴിയാണെന്ന് വിവരമുണ്ട്. 

അയ്യപ്പ ഭക്തരെ അവഹേളിച്ചെന്നാണ് പ്രതികൾക്കെതിരെ പൊലീസ് എഫ്‌ഐആര്‍. ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്താന്‍ ശ്രമിച്ചു. ആചാരവിരുദ്ധമായ പൂജ നടത്തി ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. 

മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനാ സ്ഥലത്ത് കടന്നുകയറുക, നിയമവിരുദ്ധ പ്രവര്‍ത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ മൂഴിയാര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസിന്റെ എഫ്‌ഐആറില്‍ പ്രതികളുടെ പേരുവിവരങ്ങളില്ല. മെയ് എട്ടിനാണ്  തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പൊന്നമ്പലമേട്ടില്‍ പൂജ നടത്തിയത്. 

സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പും കേസെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com