

മലപ്പുറം: നവകേരള സദസ്സിനിടെ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണിൽ തട്ടിയത് വലിയ വാർത്തയായിരുന്നു. അതിനു പിന്നാലെ മുഖ്യമന്ത്രിയെ കാണാൻ നേരിട്ടെത്തി മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ജിന്റോ. പിവി അൻവർ എംഎൽഎയുടെ വസതിയിൽ എത്തിയാണ് ജിന്റോ മുഖ്യമന്ത്രിയെ കണ്ടത്.
ജിന്റോയെ വാത്സല്യത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കയ്യിൽ പിടിച്ചുകൊണ്ട് വിദ്യാർത്ഥിയെ ആശ്വസിപ്പിച്ചു. ‘അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം’- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ജിന്റോയ്ക്ക് പാർക്കർ പേന സമ്മാനമായി നൽകുകയും ചെയ്തു. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു.
മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ വച്ചായിരുന്നു സംഭവമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നൽകി കൈ വീശി മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കണ്ണിൽ തട്ടിയത്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായി കുനിഞ്ഞതും ജിന്റോയുടെ കൈ അദ്ദേഹത്തിന്റെ മുഖത്തു തട്ടുകയായിരുന്നു. മുഖ്യമന്ത്രി കണ്ണട ഊരി സീറ്റിലിരുന്ന് തൂവാലകൊണ്ട് അൽപനേരം കണ്ണു തുടച്ചു. ഇതിന്റെ വിഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates