'സുരേഷ് ഗോപി പദയാത്ര നടത്തുന്നതാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്'

കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലാണ്
കെ സുരേന്ദ്രൻ/ ഫയൽ
കെ സുരേന്ദ്രൻ/ ഫയൽ

തിരുവനന്തപുരം: എംവി ഗോവിന്ദന് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സഹകരണ തട്ടിപ്പു വിഷയത്തില്‍ സുരേഷ് ഗോപി പദയാത്ര നടത്തുന്നതാണ് പലര്‍ക്കും ഇഷ്ടപ്പെടാത്തത്. സുരേഷ് ഗോപി ഈ വിഷയത്തില്‍ കാലങ്ങളായി നിലപാട് സ്വീകരിച്ചു വരികയാണ്. അതെന്താ സുരേഷ് ഗോപിക്ക് പദയാത്ര നടത്താന്‍ അര്‍ഹതയില്ലേയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. 

തൃശൂരില്‍ സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ ഇഡി കളമൊരുക്കുകയാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരളത്തില്‍ എല്ലാ ജില്ലകളിലും തട്ടിപ്പുണ്ട്. അവിടെയെല്ലാം സുരേഷ് ഗോപി മത്സരിക്കുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 

പി കെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ഇഡിക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്. കാരണം കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലാണ്. മുസ്ലിം ലീഗിന് നൂറു കണക്കിന് ബാങ്കുകള്‍ ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ നിക്ഷേപം സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ്. 

ഇതെല്ലാം അഴിമതിക്കാരെയും കള്ളപ്പണക്കാരെയും സംരക്ഷിക്കാനാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നവരെ സംരക്ഷിക്കാനാണ്. എംവി ഗോവിന്ദനും പിണറായി വിജയനും അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദാക്ഷന്റെ കൂടെ നില്‍ക്കുന്നു എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്. പണം നഷ്ടപ്പെട്ട സഹകാരികളുടെ കൂടെ നില്‍ക്കും എന്നായിരുന്നു പറയേണ്ടിയിരുന്നത്. 

വലിയ തട്ടിപ്പു നടത്തിയ, സഹകാരികളെ പറ്റിച്ച് കോടികള്‍ അടിച്ചുമാറ്റിയ, ബാങ്ക് കൊള്ളയടിച്ച അരവിന്ദാക്ഷന്റെ കൂടെ നില്‍ക്കുമെന്നാണ് ഗോവിന്ദനും പിണറായിയും വ്യക്തമാക്കിയത്. തട്ടിപ്പിന് ഇരകളായവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞതെങ്കില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥയുണ്ടെന്ന് പറയാമായിരുന്നു. ഇപ്പോള്‍ സുരേഷ് ഗോപിയുടെ പേരു പറഞ്ഞ് ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

സഹകരണകൊള്ളക്കാരില്‍ നിന്നും അവരുടെ വസ്തുവകകള്‍ കണ്ടുകെട്ടി പണം ഈടാക്കുന്നതിനു പകരം മറ്റു സഹകരണ ബാങ്കുകളില്‍ നിന്നും പണമെടുത്തും, കേരള ബാങ്കില്‍ നിന്നും പണമെടുത്ത് പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വെളിക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുന്നതു പോലെയാകും. കൂനിന്മേല്‍ കുരു പോലെയാകും. ആ സഹകരണ ബാങ്കുകള്‍ കൂടി തകരാനേ ഇത് ഇടയാക്കൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു. കരുവന്നൂരില്‍ പണം നഷ്ടമായവര്‍ക്ക് പണം തിരിച്ചു കൊടുക്കാന്‍ സതീശന്റേയും എസി മൊയ്തീന്‍രേയും കണ്ണന്റെയും അരവിന്ദാക്ഷന്റേയുമൊക്കെ സ്വത്തു കണ്ടുകെട്ടുകയാണ് വേണ്ടത്. 

അതല്ലാതെ എന്തിനാണ് കേരള ബാങ്കിലേക്ക് പോകുന്നത്. എ സി മൊയ്തീന്റെയും കണ്ണന്റേയുമൊക്കെ ബിനാമികളെ പിടിച്ചാല്‍ മതി. നാലു ബാങ്കില്‍ തിരിച്ചുകൊടുക്കാനുള്ള പണം അവരില്‍ നിന്നും ലഭിക്കും. കൊള്ള നടത്തിയ പണം കൊണ്ട് വന്‍ കെട്ടിട സമുച്ചയങ്ങളും രമ്യഹര്‍മ്മ്യങ്ങളുമൊക്കെ പണിതു വെച്ചിരിക്കുകയാണ്. അവരുടെ പണമെടുത്ത് പാവപ്പെട്ട നിക്ഷേപകര്‍ക്ക് നല്‍കുകയാണ് വേണ്ടത്. പണം നഷ്ടമായവര്‍ക്ക് എല്ലാം കേരള ബാങ്കില്‍ നിന്നും പണം നല്‍കുമെങ്കില്‍, ഇത്തരത്തിലുള്ള എല്ലാ സഹകാരികളേയും കേരള ബാങ്കിലേക്ക് അയക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com