'അവിടെയെല്ലാം സാധാരണ പോലെ; എല്ലാവരും സുരക്ഷിതര്‍'; ഇസ്രയേലില്‍ കുടുങ്ങിയ മലയാളികളുടെ ആദ്യസംഘം കൊച്ചിയിലെത്തി

ഡല്‍ഹിയിലെത്തിയ ആദ്യസംഘത്തില്‍ ഏഴ് മലയാളികളാണ് ഉള്ളത്.
ഇസ്രയേലില്‍ നിന്നും കൊച്ചിയിലെത്തിയ മലയാളി വിദ്യാര്‍ഥി മാധ്യമങ്ങളെ കാണുന്നു
ഇസ്രയേലില്‍ നിന്നും കൊച്ചിയിലെത്തിയ മലയാളി വിദ്യാര്‍ഥി മാധ്യമങ്ങളെ കാണുന്നു

കൊച്ചി: ഇസ്രയേലില്‍ നിന്ന് രാജ്യത്ത് എത്തിയ ആദ്യസംഘത്തിലെ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. ഡല്‍ഹിയിലെത്തിയ ആദ്യസംഘത്തില്‍ ഏഴ് മലയാളികളാണ് ഉള്ളത്. പാലക്കാട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറം, കൊല്ലം, തിരുവനന്തപുരം സ്വദേശികളുമാണ് നാട്ടിലെത്തിയത്.

മാധ്യമങ്ങളില്‍ കാണുന്നപോലെ അത്ര വലിയ പരിഭ്രാന്തി ഇസ്രയേലില്‍ ഇല്ലെന്ന് കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശിയായ ഗവേഷക വിദ്യാര്‍ഥി നിള പറഞ്ഞു. അവിടെ എല്ലാവരും സുരക്ഷിതരാണ്. എല്ലാം സാധാരണപോലെയാണ്.  അവിടെത്തന്നെ തുടരാനായിരുന്നു ആഗ്രഹിച്ചത്. ഗാസ ഇസ്രയേല്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷം.വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മടങ്ങിയതെന്നും നിള മാധ്യമങ്ങളോട് പറഞ്ഞു.

അവിടുത്തെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാം സേഫ് ആണെന്ന് മലപ്പുറം സ്വദേശി ശിശിര പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്നത് സൗത്ത് മേഖലയിലായിരുന്നു. അവിടെയാണ് ആദ്യം റോക്കറ്റ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് നാല് മണിക്കൂര്‍ നേരം വലിയ പ്രശ്‌നമായിരുന്നു. ആ ദിവസം ഞങ്ങള്‍ ഷെല്‍ട്ടറിലായിരുന്നു. പിറ്റേ ദിവസംമുതല്‍ കാര്യങ്ങള്‍ സാധാരണപോലെയായി. യൂണിവേഴ്‌സിറ്റി പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ ഇടയില്‍ ഒന്നോ രണ്ടോ മിസൈല്‍ വരും. അത് അവിടെ സാധാരണ സംഭവമാണെന്നും ശിശിര പറഞ്ഞു. 

ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. ഓപ്പറേഷന്‍ അജയ് എന്ന് പേര് നല്‍കിയ ദൗത്യത്തില്‍ 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതില്‍ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com