ദര്‍ശനം തിരുപ്പതി മോഡല്‍;നിലയ്ക്കലില്‍ ആധുനിക ടോയ്‌ലെറ്റുകള്‍; ശബരിമല തീര്‍ഥാടന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും  സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി
ശബരിമല , ഫയല്‍ ചിത്രം
ശബരിമല , ഫയല്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും  സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുന്‍പ് നടന്ന യോഗത്തില്‍ ഓരോ വകുപ്പുകളെയും ചുമതലപ്പെടുത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ ജാഗ്രതയോടെയുള്ള നിരീക്ഷണം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി നിയന്ത്രണമൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു. 

ശബരിമലയും ബന്ധപ്പെട്ട ഇടങ്ങളും വൃത്തിയോടെ സൂക്ഷിക്കണം. ഇതില്‍ വിശുദ്ധിസേനാംഗങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. അവരുടെ വേതനക്കാര്യം ദേവസ്വം ബോര്‍ഡ് അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ വിര്‍ച്വല്‍ ക്യൂ പ്രവര്‍ത്തിപ്പിക്കുന്നത് സംബന്ധിച്ച് പൊലീസ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ ശബരിമലയില്‍ നിന്ന് നിലയ്ക്കലിലേക്കും തിരിച്ചും കണ്ടക്ടര്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഡ്രൈവര്‍ തന്നെയാണ് ടിക്കറ്റ് നല്‍കുന്നത്. ഈ രീതി തുടരുന്നതാണ് ഉചിതമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചു.

18 ക്യൂ കോംപ്ലക്സുകളാണ് ശബരിമലയിലുള്ളത്. ഇവ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ യോഗത്തില്‍ അറിയിച്ചു. തിരുപ്പതി മോഡല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പതിനെട്ടാം പടിക്ക് മുകളില്‍ ഒരു ഫോള്‍ഡിംഗ് റൂഫ് സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഭണ്ഡാരത്തിന് മുന്നില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിക്കും. വലിയ സ്‌ക്രീനും സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഭണ്ഡാരത്തില്‍ നിന്ന് ഒരു എമര്‍ജന്‍സി എക്സിറ്റും ഉണ്ടാവും. പമ്പയില്‍ വിരി വയ്ക്കാനുള്ള സൗകര്യം വേണമെന്ന് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. ആധുനിക രീതിയിലുള്ള 168 മൂത്രപ്പുരകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.ഇതില്‍ 36 എണ്ണം വനിതകള്‍ക്കാണ്. കുഴഞ്ഞു വീഴുന്നവരെ സ്‌ട്രെച്ചറില്‍  ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പത്തു പേര്‍ വീതമുള്ള 3 ടീമുകള്‍ ഉണ്ടാകും.

നിലയ്ക്കലില്‍ ക്ളോക്ക് റൂമും വിശ്രമമുറിയും 16 ആധുനിക ടോയിലറ്റുകളും ഈ സീസണില്‍ ഉണ്ടാകും. ഏഴ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകളില്‍ നാലെണ്ണം പൂര്‍ത്തിയാകും. മാലിന്യ സംസ്‌കരണത്തിലും പ്രത്യേക ജാഗ്രത പുലര്‍ത്തും.

നടപ്പന്തലുകള്‍ക്ക് മുകളിലേക്ക് വീണുകിടക്കുന്ന വൃക്ഷശിഖരങ്ങളും വള്ളിപ്പടര്‍പ്പുകളും വനം വകുപ്പ് നീക്കം ചെയ്യും. ശബരിമലയിലേക്കുള്ള റോഡുകളില്‍ മൈല്‍ക്കുറ്റികള്‍ ഓരോ കിലോമീറ്റര്‍ ഇടവിട്ട് സ്ഥാപിക്കുകയും അതിന് നമ്പര്‍ നല്‍കുകയും ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ യോഗത്തില്‍ പറഞ്ഞു. അപകടം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ സ്ഥലത്തെത്താന്‍ ഇത് സഹായിക്കും. കൂടുതല്‍ റിഫ്ളക്ടറുകളും സ്ഥാപിക്കേണ്ടതുണ്ട്. പമ്പാ നദിയില്‍ ഓട്ടോമേറ്റഡ് റിവര്‍ വാട്ടര്‍ മെഷറിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉചിതമാവുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ശബരിമല പാതയിലുള്ള ആശുപത്രികളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ ഏര്‍പ്പെടുത്തണമെന്നും കാര്‍ഡിയാക് കെയര്‍ ആംബുലന്‍സുകള്‍ ഉണ്ടാവണമെന്നും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കണമലയില്‍ സ്ഥിരമായി അപകടമുണ്ടാകുന്നുണ്ടെന്നും ഈ വിഷയത്തില്‍ ശ്രദ്ധയുണ്ടാകണമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. കണമലയില്‍ ആംബുലന്‍സ് സേവനം ഉറപ്പാക്കണമെന്നും അപകടം ഉണ്ടാവുന്ന സ്ഥലങ്ങള്‍ മാപ്പ് ചെയ്യണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ 218 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളാണ് നടത്തിയതെന്നും ഇത്തവണ 250 എണ്ണമാണ് പ്രതീക്ഷിക്കുന്നതെന്നും റെയില്‍വേ അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. വന്യജീവി ആക്രമണം തടയുന്നതിന് നാല് റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ ഉണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്ന് സ്നേക്ക് റെസ്‌ക്യൂ ടീമുകളും രണ്ട് എലിഫന്റ് സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും. കടകളില്‍ നില്‍ക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കും. മണ്ഡല മകരവിളക്ക് സീസണുള്ള മുന്നൊരുക്കവും ഷെഡ്യൂളിംഗും കെ. എസ്. ആര്‍. ടി. സി നടത്തിവരുന്നു. ആദ്യ ഘട്ടത്തില്‍ 350 ബസുകളും 528 ജീവനക്കാരുമുണ്ടാകും. ശബരിമല പാതയിലെ കടവുകളില്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കും.

റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ശ്രദ്ധപുലര്‍ത്തും. ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പ് 1852 പേരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ സ്നാനഘങ്ങളില്‍ അപകടം ഒഴിവാക്കാന്‍ സ്‌കൂബ ഡൈവേഴ്സിനെയും റബര്‍ ബോട്ടും ഏര്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ ഇടവേളകളില്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com