മൃതദേഹത്തിന് ഒരു ചെവിയില്ല, സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയത് പ്രതീഷിനെ തന്നെ: തിരിച്ചറിഞ്ഞ് സുഹൃത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2023 08:35 PM  |  

Last Updated: 04th September 2023 08:35 PM  |   A+A-   |  

septic_tank_deadbody

 

തൃശൂർ: സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത മൃതദേഹം കാണാതായ പ്രതീഷിന്റേതെന്ന് തിരിച്ചറിഞ്ഞ് സുഹൃത്ത്. പ്രതീഷിന് ഒരു ചെവിയുണ്ടായിരുന്നില്ല. ഇക്കാര്യം സുഹൃത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത മൃതദേഹത്തിനും ഒരു ചെവിയുണ്ടായിരുന്നില്ല. ഈ തെളിവ് ഉൾപ്പെടെയാണ് മൃതദേഹം പ്രതീഷിന്റേതാണെന്ന് സുഹൃത്തിന്റെ സ്ഥിരീകരിച്ചത്. 

കുന്നംകുളം അഞ്ഞൂരിൽ ആണ് തൂങ്ങിമരിച്ച ആളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. ജൂലൈ മാസത്തിലാണ് പ്രതീഷിനെ കാണാതാകുന്നത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ മാസം 25നാണ് ആത്മഹത്യ ചെയ്തത്. ശിവരാമന്റെ മുറിയിൽ നിന്ന് രക്തക്കറ പുരണ്ട കമ്പിപ്പാരയും പൊലീസ് കണ്ടെടുത്തു. സംഭവത്തെ ചുറ്റിപ്പറ്റി ഇനിയുമേറെ ദുരുഹതകൾ ബാക്കിയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്. 

ബം​ഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരുമെന്നും പറഞ്ഞാണ് പ്രതീഷ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഇയാൾ മടങ്ങി വരാഞ്ഞതോടെ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. സുഹൃത്തുക്കളായിരുന്ന ശിവരാമനും പ്രതീഷും ഒരുമിച്ച് മദ്യപിക്കുമായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് മരണത്തിന് കാരണമായതെന്ന് കരുതുന്നത്. ഇരുവരുടെയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമന്റെ ആത്മഹത്യക്ക് പിന്നിലെ കാരണവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പീച്ചി റിസർവോയറിൽ വഞ്ചി മറിഞ്ഞു: മൂന്നു പേരെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ