ബിജെപിക്ക് 6046 കോടിയുടെ ആസ്തി; കോണ്‍ഗ്രസിന്റെ തൊട്ടുപിന്നില്‍ സിപിഎം

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th September 2023 10:17 AM  |  

Last Updated: 05th September 2023 10:20 AM  |   A+A-   |  

bjp-cpiml

ബിജെപി സിപിഎം പതാകകള്‍

 

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപ്പാര്‍ട്ടികളുടെ ആസ്തി പരിഗണിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ബഹുദൂരം മുന്നില്‍. 6046 കോടി രൂപയുടെ ആസ്തിയാണ് ബിജെപിക്കുള്ളത്. മറ്റ് ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി ആകെയുള്ളത് 2780 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷം രാജ്യത്തെ ദേശീയ പാര്‍ട്ടികളുടെ ആകെ ആസ്തി 8,829.16 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത് 7,297.62 കോടി രൂപയായിരുന്നു. 

പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് ആസ്തിയില്‍ രണ്ടാമത്. 805 കോടിയാണ് കോണ്‍ഗ്രസിന്റെ ആസ്തി. അതിന്റെ തൊട്ടുപിന്നില്‍ത്തന്നെ സിപിഎമ്മും ഉണ്ട്. സിപിഎമ്മിന്റെ ആസ്തി 735 കോടിയാണ്. ഏറ്റവും കുറവ് ആസ്തി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്കാണ് 1.82 കോടി രൂപ. അതുകഴിഞ്ഞാല്‍ സിപിഐ (15.67 കോടി). 

ബിഎസ്പി ഒഴികെ എല്ലാ പാര്‍ട്ടികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ ആസ്തി കൂടി. ബിഎസ്പിക്ക് 732 കോടിയില്‍ നിന്ന് 5.74 ശതമാനം കുറഞ്ഞ് 690 കോടിയായി. വര്‍ധന നിരക്ക് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസിനാണ്. അവരുടെ ആസ്തി ഒരു വര്‍ഷം കൊണ്ട് 182 കോടിയില്‍ നിന്ന് 151 ശതമാനം ഉയര്‍ന്ന് 458 കോടിയായി. എന്‍സിപിയുടെ ആസ്തി 31 കോടിയില്‍ നിന്ന് 74.5 കോടിയായി. 

തെരഞ്ഞെടുപ്പു പരിഷ്‌കരണ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കനുസരിച്ച് 2021-22 ല്‍ കൂടുതല്‍ ബാധ്യതയുള്ളത് കോണ്‍ഗ്രസിനാണ് 41.95 കോടി രൂപ. സിപിഎമ്മിന് 12.21 കോടിയും ബിജെപിക്ക് 5.17 കോടിയും ബാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്; ഏകോപനത്തിന് 16 അംഗ കമ്മിറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ