അമ്പ് തുളച്ചുകയറി ഗുരുതരാവസ്ഥയിൽ പാടത്ത്: ഒന്നര മണിക്കൂർനീണ്ട ശസ്ത്രക്രിയ, പെരുമ്പാമ്പിന് പുതുജീവൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th September 2023 08:05 AM |
Last Updated: 18th September 2023 08:05 AM | A+A A- |

തൃശൂർ: ശരീരത്തിൽ അമ്പ് തുളച്ചുകയറി ഗുരുതരാവസ്ഥയിലായ പെരുമ്പാമ്പിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ. പൂച്ചിന്നിപ്പാടം പെരുവനം ചിറയോട് ചേർന്ന വരാപ്പുഴ എസ്.സി. കോളനിക്ക് സമീപത്തെ പാടത്താണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ പാമ്പിനെ കണ്ടെത്തുന്നത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അമ്പ് പുറത്തെടുത്തത്.
മീൻ പിടിക്കാൻ ഉപയോഗിക്കുന്ന അമ്പ് ശരീരത്തിൽ ആഴത്തിൽ തുളച്ചുകയറിയ നിലയിലായിരുന്നു. വെറ്ററിനറി സർവകലാശാലാ ജീവനക്കാരനും സ്നേക്ക് റെസ്‌ക്യൂവറുമായ ശരത് മാടക്കത്തറയാണ് പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി സർവകലാശാലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പാമ്പിന്റെ ശരീരത്തിൽനിന്ന് അമ്പ് പുറത്തെടുത്തത്.
പാമ്പ് ഇര വിഴുങ്ങിയാൽ അത് തടസ്സപ്പെടുന്ന വിധമാണ് അമ്പ് തുളഞ്ഞുകയറിയത്. അണുബാധ വന്ന് പാമ്പ് ചാകാനും സാധ്യതയുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരായ ശ്യാം കെ. വേണുഗോപാൽ, റെജി വർഗീസ്, ലൈജു എം. ഫിലിപ്പ്, കെ. ഗായത്രി, ആർ. ഐശ്വര്യ, ലക്ഷ്മി പദ്മനാഭൻ, എസ്. പ്രീതി എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്നുദിവസത്തെ ചികിത്സ നടത്തി സുഖംപ്രാപിച്ചശേഷം പാമ്പിനെ വനത്തിൽ വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കണ്ണൂരിൽ അച്ഛൻ മകനെ എയർഗണ്ണിന് വെടിവെച്ചു, പരാതിയില്ലെന്ന് യുവാവ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ