മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ
മുഖ്യമന്ത്രി പിണറായി വിജയൻ/ ഫയൽ

'സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ കോണ്‍ഗ്രസ് ആക്ഷേപിക്കുന്നു; നമുക്ക് ആ മാര്‍ഗം വേണ്ട': പിണറായി വിജയന്‍

നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: നവമാധ്യമങ്ങളെ കോണ്‍ഗ്രസ് മോശമായി ഉപയോഗിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തെറ്റായ വഴിയിലൂടെ നേടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട സ്ത്രീകളെ ആക്ഷേപിക്കുന്നു.  ആരെയെങ്കിലും ആക്ഷേപിക്കുന്നത് നമ്മുടെ രീതിയല്ല. നമുക്ക് ആ മാര്‍ഗം വേണ്ട- അദ്ദേഹം പറഞ്ഞു. 

കേരളീയം പരിപാടി ബഹിഷ്‌കരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പരസ്യമായി പറഞ്ഞു. ധൂര്‍ത്ത് ആരോപിച്ചാണ് പിന്മാറ്റം. നാടിന്റെ പിറവി ആഘോഷിക്കുന്നത് എങ്ങനെ ധൂര്‍ത്താകും? മണ്ഡലസദസ്സ് സംഘടിപ്പിക്കുന്നത് നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാര്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ പറ്റുമോ എന്നു നോക്കുകയാണ്. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ ചെയ്ത കുറേ കാര്യങ്ങള്‍ ഉണ്ടല്ലോ. ഒന്നും രഹസ്യമല്ലായിരുന്നു. എല്ലാം പരസ്യമായിരുന്നു. ഞാന്‍ അതിന്റെ വിശദാംശത്തിലേക്കു പോകുന്നില്ല. എല്ലാവരുടെയും കണ്‍മുന്നിലുള്ള വസ്തുതകളാണ്. അവരവര്‍ക്ക് തൊട്ടറിയാന്‍ കഴിയുന്ന അനുഭവങ്ങളാണ്.

ആ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ പരിപാടിയാണ്. അതിന്റെ ഭാഗമായി മന്ത്രിസഭയാകെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തുന്നു. പൊതുവായി നടന്ന കാര്യങ്ങള്‍, ജില്ലയില്‍ നടന്ന കാര്യങ്ങള്‍, ആ മണ്ഡലത്തില്‍ നടന്ന കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് വരുന്നത്. ഇനിയങ്ങോട്ട് സ്വീകരിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്താണ് എന്നതും അവതരിപ്പിക്കും. ഒട്ടേറെ നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാം. ഇത് നാടിനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാന്‍ സഹായിക്കും.'- അദ്ദേഹം പറഞ്ഞു. 

'ഈ ഉദ്യമത്തോടു സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിക്കഴിഞ്ഞു. അതിനും വിളിക്കുന്നു ധൂര്‍ത്ത്. ഓരോ സ്ഥലത്തും പരിപാടികള്‍ നടത്താന്‍ അതത് പ്രദേശത്തെ എംഎല്‍എ നേതൃത്വം കൊടുക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇവിടെ ഒരു വിവേചനവും ഇല്ല. എന്നിട്ടും സഹകരിക്കില്ലെന്നാണ് നിലപാട്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സമീപനം വരുന്നത്? ഇവിടെ ഏതെങ്കിലും കാര്യത്തില്‍ സഹകരിച്ചിട്ടുണ്ടോ?'-മുഖ്യമന്ത്രി ചോദിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെയും വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി, കേന്ദ്രത്തിന് കഴുകന്‍കണ്ണാണ് എന്നും ആരോപിച്ചു. 'കേരളത്തിന്റെ സഹകരണമേഖലയിലേക്ക് കേന്ദ്രം കണ്ണുവച്ചു. നോട്ട് നിരോധനകാലത്ത് അതിനെ തകര്‍ക്കാനുള്ള ശ്രമത്തെ കേരളം ചെറുത്തു. 10,000 കോടിയുടെ നിക്ഷേപം കണ്ട് വല്ലാത്തൊരു ആര്‍ത്തിയായിരുന്നു'-  മുഖ്യമന്ത്രി പറഞ്ഞു

​സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com