സിപിഎമ്മുകാര്‍ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവില്‍ നിന്നാണോ അടയ്‌ക്കേണ്ടത്?; കെ സുരേന്ദ്രന്‍

സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവര്‍ ഉപയോഗിക്കുന്നത്.
കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍
Updated on
2 min read

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎമ്മുകാര്‍ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവില്‍ നിന്നാണോ അടയ്‌ക്കേണ്ടതെന്നും കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു. 

സിപിഎമ്മിന്റെ പണം കൊടുത്ത് സഹകാരികളുടെ കടം വീട്ടണം. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് സിപിഎം. സഹകരണ മന്ത്രിമാര്‍ തന്നെ നേരിട്ട് സഹകരണ കൊള്ള നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയത് സിപിഎമ്മാണ്. സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറയുന്നത് ഭരണഘടനാലംഘനമാണെന്നും സര്‍ക്കാരിന് ഇതില്‍ ഇടെപടാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലെ റബ്‌കോയില്‍ സിപിഎമ്മുകാര്‍ നടത്തിയ അഴിമതിക്ക് പിഴയായി സര്‍ക്കാര്‍ 400 കോടി നല്‍കി. പരിയാരം മെഡിക്കല്‍ കോളേജിലും സമാനമായ അനുഭവമുണ്ടായി. സര്‍ക്കാര്‍ 700 കോടി കൊടുത്താണ് സിപിഎം അഴിമതി നികത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമായി മുന്നോട്ട് കൊണ്ട് പോകാനാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും ആഗ്രഹിക്കുന്നത്. എന്നാല്‍ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസത തകര്‍ക്കുന്നത് സിപിഎമ്മും പിണറായി സര്‍ക്കാരുമാണ്. യുഡിഎഫിനും ഇതില്‍ പങ്കുണ്ട്. പാവപ്പെട്ട സഹകാരികള്‍ സഹകരണ ബാങ്കുകള്‍ക്ക് മുന്നില്‍ പണത്തിന് വേണ്ടി ക്യൂ നില്‍ക്കുകയാണ്. ഇതിന് ഉത്തരവാദി സര്‍ക്കാരാണ്. സഹകരണബാങ്കിലെ തെറ്റായ പ്രവണതയ്‌ക്കെതിരെ നോട്ട് നിരോധനസമയത്ത് ബിജെപി മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുകയും കേന്ദ്രത്തിനെതിരെ സമരം ചെയ്യുകയുമായിരുന്നു. 

സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവര്‍ ഉപയോഗിക്കുന്നത്. നോട്ട് നിരോധനസമയത്ത് ആയിരക്കണക്കിന് കോടി രൂപ അവര്‍ വെളുപ്പിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ സിപിഎമ്മും കോണ്‍ഗ്രസും വലിയ ക്രമക്കേടുകളാണ് നടത്തുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത് കരുവന്നൂരിലെ കള്ളപ്പണ ഇടപാടിനെ കുറിച്ചാണ്. പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തവരെ കുറിച്ച് അന്വേഷിച്ചത് സംസ്ഥാന ഏജന്‍സികളാണ്. എന്നാല്‍ സംസ്ഥാന ഏജന്‍സികള്‍ പ്രതികളെ സംരക്ഷിക്കുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളായതു കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റവാളികളിലേക്ക് പോവാതിരുന്നത്. ബാങ്ക് ജീവനക്കാരെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിച്ചു. കൊള്ളപ്പണത്തിന്റെ പങ്ക് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. കൊള്ളപ്പണം തൃശ്ശൂരിലെ മറ്റ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. എസി മൊയ്തീനില്‍ മാത്രം ഒതുങ്ങുന്ന കേസ് അല്ല ഇതെന്നും അതിലും വലിയവര്‍ക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ 82 ശതമാനം സര്‍ക്കാരിന് ഓഹരിയുണ്ടെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം കൊടുത്തത്. അങ്ങനെയെങ്കില്‍ ആ സ്ഥാപനം സിഎജി ഓഡിറ്റിംഗിന് വിധേയമാവേണ്ടതല്ലേ? അവിടെ ആരൊക്കെ നിക്ഷേപം നടത്തിയെന്ന് ജനങ്ങള്‍ അറിയേണ്ടതല്ലേ? അവിടെത്തെ നിയമനം എങ്ങനെയെന്ന് ജനങ്ങള്‍ അറിയേണ്ടേ? ഓഹരി കാര്യം സര്‍ക്കാര്‍ എന്തിനാണ് ഇത്രയും കാലം മറച്ച് വെച്ചത്? പിണറായി സര്‍ക്കാരിന്റെ കാലത്ത് 6511.7 കോടി രൂപയുടെ 4681 സര്‍ക്കാര്‍ - പൊതു മേഖലാ പ്രവൃത്തികളുടെ കരാറാണ് യുഎല്‍സിസിക്ക് നല്‍കിയത്. 3613 പ്രവൃത്തികള്‍ ടെന്‍ഡറില്ലാതെ നല്‍കി. എന്തുകൊണ്ടാണ് അവര്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ ടെണ്ടര്‍ നല്‍കുന്നത്? സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന സിപിഎം നിലപാടിനെതിരെ ഒക്ടോബര്‍ 2ന് കരുവന്നൂരില്‍ സുരേഷ്‌ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കും. നവംബറില്‍ സഹകരണ സംരക്ഷണ സമ്മേളനം നടത്തുമെന്നും കെ.സുരേന്ദ്രന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com