ബീമാപള്ളി ഉറൂസ് മൂന്നുമുതല്‍ 13 വരെ; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു
beemapally uroos: Tomorrow holiday in Thiruvananthapuram
ബീമാപള്ളി ഉറൂസ് മൂന്നുമുതല്‍ 13 വരെഫയൽ
Updated on

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ (ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെയാണ് ബീമാപള്ളി ഉറൂസ്.

ഡിസംബര്‍ മൂന്നിന് രാവിലെ എട്ടിന് പ്രാര്‍ഥനയും തുടര്‍ന്ന് നഗരപ്രദക്ഷിണവും നടക്കും.10.30ന് സമൂഹപ്രാര്‍ഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. 11ന് ജമാഅത്തെ പ്രസിഡന്റ് എം പി അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവര്‍ പതാക ഉയര്‍ത്തും. ഡിസംബര്‍ 12 വരെ എല്ലാ ദിവസവും രാത്രി 9.30 മുതല്‍ മതപ്രഭാഷണം ഉണ്ടാകും.

എട്ടാം തീയതി വൈകീട്ട് 6.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, ആത്മീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഒമ്പതിന് വൈകീട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുര്‍ദ, 11ന് രാത്രി 11.30 മുതല്‍ മന്‍സൂര്‍ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും. സമാപന ദിവസമായ 13ന് പുലര്‍ച്ചെ ഒന്നിന് പ്രാര്‍ഥനക്ക് ബീമാ പള്ളി ഇമാം സബീര്‍ സഖാഫി നേതൃത്വം നല്‍കും.1.30ന് നഗര പ്രദക്ഷിണം. നാലിന് കൂട്ട പ്രാര്‍ഥനക്ക് അബ്ദുറഹുമാന്‍ മുത്തുകോയ തങ്ങള്‍ അല്‍ ബുഹാരി നേതൃത്വം നല്‍കും.

ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മുന്‍ വര്‍ഷത്തെക്കാള്‍ മികച്ച രീതിയില്‍ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഉറൂസ് നടത്തിപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സബ് കലക്ടര്‍ ആല്‍ഫ്രഡ് ഒ വിയെ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറൂസ് ദിനങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്ന് ബീമാപ്പള്ളിയിലേക്ക് പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തും.

തീര്‍ഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി വനിതാ പൊലീസ് ഉള്‍പ്പെടെ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കും. പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കും. വിവിധയിടങ്ങളില്‍ സിസി ടിവി ക്യാമറകളും സ്ഥാപിക്കും. ഉത്സവസമയത്ത് പൂര്‍ണ സജ്ജീകരണങ്ങളോടുകൂടിയ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവില്‍ ഡിഫെന്‍സ് വോളന്റിയര്‍മാരുടെ സേവനവും ഉണ്ടായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ബീമാപള്ളിയില്‍ ക്യാമ്പ് ചെയ്യും. അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവും ഉറപ്പാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com