

കൊല്ലം: കൊല്ലം ചെമ്മാന്‍മുക്കില്‍ ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ കാരണം സംശയരോഗമെന്ന് പൊലീസ് എഫ്‌ഐആര്‍. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം ഭര്‍ത്താവ് പത്മരാജന്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമായതെന്ന് പത്മരാജന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് യാതൊരു മാനസിക പ്രയാസവുമില്ല. 14 വയസ്സുള്ള മകളെ ഓര്‍ത്തു മാത്രമാണ് വിഷമം ഉള്ളതെന്ന് പത്മരാജന്‍ പൊലീസിനോട് പറഞ്ഞു. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന്‍ പലതവണ അനിലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനില ഇതു കൂട്ടാക്കിയില്ല. ഈ വിഷയത്തില്‍ ഹനീഷും പത്മരാജനും തമ്മില്‍ ബേക്കറിയില്‍ വെച്ച് അടിപിടിയുണ്ടായി. ഭാര്യയുടെ മുന്നില്‍ വെച്ച് ഹനീഷ് തന്നെ മര്‍ദ്ദിച്ചപ്പോഴും അനില പിടിച്ചു മാറ്റാന്‍ പോലും തയ്യാറായില്ല. ഇത് വളരെ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ പാടുകളും ഇയാള്‍ പൊലീസിനെ കാട്ടിക്കൊടുത്തു.
ചെമ്മാന്‍മുക്കില്‍ ഇന്നലെ രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. ബേക്കറി അടച്ച് അനില കാറില്‍ വരുമ്പോള്‍, പിന്നാലെ ഓംനി വാനില്‍ പത്മരാജന്‍ പിന്തുടരുകയായിരുന്നു. ചെമ്മാന്‍മുക്കിലെത്തിയപ്പോള്‍ വാന്‍ കാറിന്റെ മുന്‍വശത്ത് ഇടിച്ചു നിര്‍ത്തിയശേഷം വാനില്‍ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അനിലയാണ് കാര്‍ ഓടിച്ചിരുന്നത്. ഇറങ്ങി ഓടാന്‍ കഴിയാത്തവിധം കാറിനുള്ളില്‍ കുടുങ്ങിപ്പോയ അനില വെന്തുമരിച്ചു.
കാറില്‍ ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരന്‍ സോണി കാര്‍തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ രക്ഷപ്പെട്ടു. ദേഹത്ത് പൊള്ളലേറ്റ സോണി ചികിത്സയിലാണ്. ആക്രമണത്തിനിടെ വാനിലേക്കും തീ പടര്‍ന്ന് പത്മരാജനും പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. കാറ്ററിങ് ബിസിനസ് ചെയ്യുന്ന പത്മരാജന്റെ രണ്ടാം വിവാഹമാണിത്. ആക്രമണം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത പത്മരാജന്‍, കാറുമായി അനില വരുന്നതും നിരീക്ഷിച്ച് ഓംനി വാനില്‍ കാത്തു കിടക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.
നവംബര്‍ ആറിനാണ് നിള എന്ന പേരില്‍ അനില ബേക്കറി ആരംഭിക്കുന്നത്. ഇതിനായി പത്മരാജനും 35,000 രൂപയോളം മുടക്കിയിരുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും ബേക്കറിയില്‍ പണം മുടക്കിയിട്ടുണ്ട്. ഹനീഷ് നിരന്തരം ബേക്കറിയില്‍ വരുന്നതിനെച്ചൊല്ലി അനിലയും പത്മരാജനും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. ഹനീഷും പത്മരാജനും തമ്മില്‍ അടിപിടിയും ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം വീട്ടിലേക്ക് പോകാതെ അനില ചെമ്മാന്‍മുക്കില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നു.
ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാന്‍ ഇന്നലെ കൊട്ടിയത്ത് പൊതു പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. ഈ പണം പത്മരാജന്‍ നല്‍കണമെന്ന് അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായി. അനിലയ്‌ക്കൊപ്പം മുമ്പും ഹനീഷിനെ കാറില്‍ പത്മരാജന്‍ കണ്ടിട്ടുണ്ട്. അതുപോലെ ഇന്നലെയും ഹനീഷ് ഒപ്പമുണ്ടാകുമെന്നാണ് കരുതിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍ കാറിന് പിന്നില്‍ ബൈക്കിലായിരുന്നു ഹനീഷ് വന്നിരുന്നത്. തഴുത്തലയില്‍ നിന്നാണ് 300 രൂപയ്ക്ക് പത്മരാജന്‍ പെട്രോള്‍ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
