

ആലപ്പുഴ: സിപിഎം മുതിർന്ന നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് സന്ദർശനം നടത്തിയത്. ജി സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജയരാജൻ.
വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ എന്നും അന്നു മുതൽ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭുവനേശ്വരന്റെ സഹോദരൻ എന്ന നിലയിൽ കൂടി കുടുംബത്തെ കണ്ടു സ്നേഹാന്വേഷണം നടത്താൻ എത്തിയതാണെന്നും ജയരാജൻ പറഞ്ഞു.
സുധാകരന്റെ വീട്ടിൽ അരമണിക്കൂറോളം ചെലവഴിച്ച ശേഷമാണു ജയരാജൻ മടങ്ങിയത്. സുധാകരന് പുസ്തകങ്ങളും സമ്മാനിച്ചു. കായംകുളം കരിമുളയ്ക്കലിലായിരുന്നു ഭുവനേശ്വരൻ അനുസ്മരണം. സുധാകരനെ പാർട്ടി പരിപാടികളിൽ നിന്ന് അകറ്റിനിർത്തുന്നു എന്ന വിമർശനം നിലനിൽക്കുമ്പോഴാണു കൂടിക്കാഴ്ച.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates