![wayanad cruelty](http://media.assettype.com/samakalikamalayalam%2F2024-12-16%2Ffzikss0h%2Fmathan.jpg?w=480&auto=format%2Ccompress&fit=max)
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വിനോദസഞ്ചാരികള്‍ റോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്നയാളെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.
മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. യുവാവിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാര്‍ കണ്ടെത്തിയിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം തുടങ്ങി.
മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്.
കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്ന ആളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക