ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍

ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്
Tribal youth dragged by car in Wayanad
മാതനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നു ടിവി ദൃശ്യം
Updated on

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. കല്‍പ്പറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഹർഷിദ് ആണ് കാർ ഓടിച്ചിരുന്നത്. കേസില്‍ നാലു പ്രതികളാണുള്ളത്.

മറ്റു പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇന്നലെ വയനാട് കണിയാമ്പറ്റയില്‍ നിന്നും കണ്ടെത്തിയിരുന്നു. കുറ്റിപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത കാറില്‍ സഞ്ചരിച്ചവരാണ് ആദിവാസി യുവാവ് മാതനോട് കൊടും ക്രൂരതകാട്ടിയത്. ചികിത്സയില്‍ കഴിയുന്ന മാതനെ മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു.

ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവാസി യുവാവിനെയാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്. മാതന്റെ അരയ്ക്കും കൈകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറില്‍ ഇരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവാവിനെ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com