'അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു'; കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്, ഫോണ്‍ സംഭാഷണം പുറത്ത്

താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
 സാബു
സാബു
Updated on

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. പക്ഷേ, താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും സാബു പറയുന്നുണ്ട്. അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പണി മനസിലാക്കി തരാമെന്നും സജി ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത്.

കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ്് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും.

പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.

സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയില്‍ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു വ്യാഴാഴ്ച ബാങ്കില്‍ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികില്‍സാര്‍ത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാര്‍ അപമാനിച്ചിറക്കി വിട്ടെന്ന പരാമര്‍ശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കുന്നുണ്ടെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com