എഴുത്തിലെന്ന പോലെ അഭ്രപാളിയിലും മഹാവിസ്മയം തീര്‍ത്ത അതികായനാണ് എംടി വാസുദേവന്‍ നായര്‍. വൈകാരികാനുഭൂതികള്‍ കൊണ്ടും ജീവിതോന്‍മുഖത കൊണ്ടും അവ വേറിട്ടുനില്‍ക്കുന്നു. ആന്തരിക ജീവിതസംഘര്‍ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കലര്‍പ്പില്ലാതെ അടയാളപ്പെടുത്തിയപ്പോള്‍ അവയ്ക്ക് ഒരേസമയം പ്രേക്ഷക ലാളനയും അംഗീകാര മുദ്രകളും ലഭിച്ചു. ഓരോരുത്തര്‍ക്കും സ്വന്തം മുഖം ആഴത്തില്‍ കാണാന്‍ സഹായിക്കുന്ന കണ്ണാടിയായിരുന്നു ഓരോ തിരക്കഥയും.
സാഹിത്യ സൃഷ്ടികള്‍ പോലെ തന്നെ ആകര്‍ഷകമായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രയും. മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെ 1965ലാണ് എംടി മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തികച്ചും അപ്രതീക്ഷിതമായിരുന്നു സിനിമയിലേക്കുള്ള വരവെന്ന് എംടി തന്നെ പലപ്പോഴായി അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യ ചിത്രമായ മുറപ്പെണ്ണ് ജനം ഏറ്റെടുത്തതോടെ എംടിയുടെ കഥകള്‍ക്കായി സിനിമാ ലോകം കാത്തുനിന്നതാണ് പിന്നീട് കണ്ടത്. പ്രേക്ഷകന്റെ കലയായി സിനിമയെ മാറ്റുന്ന തിരക്കഥകളായിരുന്നു ആ തൂലികയില്‍ പിറന്നത്. കാവ്യമധുരവും ദൃശ്യസമ്പന്നതയും ആവോളം പ്രേക്ഷകര്‍ നുകരുമ്പോഴും അവ വിനോദപാധിക്ക് അപ്പുറം സാമൂഹ്യപ്രതിബദ്ധതയും ഊന്നിപ്പറഞ്ഞു.
എംടിയുടെ 60ലേറെ കഥകള്‍ക്ക് ചലച്ചിത്ര ആവിഷ്‌കാരമുണ്ടായിട്ടുണ്ട്. നിര്‍മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരൂ ചെറുപുഞ്ചിരി എന്നീ ചിത്രങ്ങളുടെ സംവിധായകനുമായി. യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ട് ആസ്വാദകനെ അനുഭവിപ്പിക്കുന്ന മാന്ത്രികത ആ തിരക്കഥകളില്‍ നിറഞ്ഞു. സാഹിത്യഭാഷയും ചലച്ചിത്ര ഭാഷയും തമ്മിലുള്ള വ്യത്യാസം ബോധ്യപ്പെടുത്തുകയും ചെയ്തു.
ആള്‍ക്കൂട്ടത്തില്‍ തനിയെയായി പോകുന്നവരുടെ നിസ്സഹായവസ്ഥയും വിഹ്വലതകളുമാണ് മിക്കചിത്രങ്ങളുടെയും പ്രമേയം. എംടിക്ക് സമാനമായ രീതിയില്‍ ആത്മസൗന്ദര്യം സ്ഫുരിക്കുന്ന രചനാവൈശിഷ്ഠ്യം മലയാളത്തില്‍ മറ്റൊരു എഴുത്തുകാരനുമില്ല. സമൂഹത്തോട് ഒരു എഴുത്തുകാരന്‍ നിര്‍വഹിക്കേണ്ട കടമകള്‍ എന്താണെന്ന് അവ ഓര്‍മിപ്പിക്കുന്നു.
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വിത്തുകള്‍, ബന്ധനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, നീലത്താമര, ഓപ്പോള്‍, വളര്‍ത്തുമൃഗങ്ങള്‍, വാരിക്കുഴി എന്നീ കഥകള്‍ അതേപേരില്‍ തന്നെ ചലച്ചിത്രങ്ങളായി. മുറപ്പെണ്ണ് (സ്‌നേഹത്തിന്റെ മുഖങ്ങള്‍) പകല്‍ക്കിനാവ് (പൊരുളില്ലാത്ത കിനാവ്) നിര്‍മാല്യം (പള്ളിവാളും കാല്‍ച്ചിലമ്പും) ഏകാകിനി (കറുത്ത ചന്ദ്രന്‍) ആള്‍ക്കൂട്ടത്തില്‍ തനിയെ (സ്വര്‍ഗം തുറക്കുന്ന സമയം) കൊച്ചുതെമ്മാടി ( തെറ്റും തിരുത്തും) അതിര്‍ത്തികള്‍ (ഡാര്‍ എസ് സലാം) സദയം (ശത്രു) എന്ന് സ്വന്തം ജാനകിക്കുട്ടി ( ചെറിയ ചെറിയ ഭൂകമ്പങ്ങള്‍) തീര്‍ഥാടനം (വാനപ്രസ്ഥം) എന്നിവയും അഭ്രപാളികളിലെത്തി. നോവലുകളില്‍ അസുരവിത്ത്, പാതിരാവും പകല്‍വെളിച്ചവും, മഞ്ഞ് എന്നിവ അതേപേരില്‍ തന്നെയും ദയ എന്ന പെണ്‍കുട്ടി 'ദയ' എന്ന പേരിലും ചലച്ചിത്രമായി.
മറ്റ് എഴുത്തുകാരുടെ നോവലുകളും കഥയും ആധാരമാക്കി എംടി സിനിമകള്‍ ചെയ്തിട്ടുണ്ട്. എസ്‌കെ പൊറ്റക്കാടിന്റെ കടവ് തോണിയെന്ന കഥ എംടി 'കടവ്' എന്ന പേരില്‍ സിനിമയാക്കി. ആ ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്തു. ചെറുകാടിന്റെ മണ്ണിന്റൈ മാറില്‍, എന്‍എന്‍ പിഷാരടിയുടെ വെള്ളം, ദാഫ്‌നെ ദുമോറിയയുടെ നോ മോട്ടീവ് എന്ന നോവലുകള്‍ക്കും എംടി തിരക്കഥയൊരുക്കി.
ദുരൂഹത ഒരിക്കലും എംടി ചിത്രങ്ങളുടെ മുഖമുദ്രയായില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തിരക്കഥകളായിരുന്നു എംടിയുടെ രീതി. 1986ല്‍ അഞ്ച് സിനിമകളാണ് എംടിയുടെതായി തീയറ്ററുകളില്‍ എത്തിയത്. പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അഭയം തേടി, കാടിന്റെ മക്കള്‍, കൊച്ചു തെമ്മാടി എന്നിവ.
എംടിയുടെ തിരക്കഥകളില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തത് ഹരിഹരനും ഐവി ശശിയുമാണ്. ഇരുവര്‍ക്കുമായി എംടി പതിനൊന്ന് വീതം തിരക്കഥകള്‍ രചിച്ചു. തൃഷ്ണ, ഉയരങ്ങളില്‍, ആരൂഡം, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഇടനിലങ്ങള്‍, അക്ഷരങ്ങള്‍, അഭയം തേടി, അടിയൊഴുക്കുകള്‍, അടിവേരുകള്‍ എന്നീ ചിത്രങ്ങള്‍ ഐവി ശശിയും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളര്‍ത്തുമൃഗങ്ങള്‍, നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, അമൃതം ഗമയ, ആരണ്യകം, ഒരുവടക്കന്‍ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവര്‍മ പഴശ്ശിരാജ, ഏഴാമത്തെ വരവ് എന്നിവ ഹരിഹരനും സംവിധാനം ചെയ്തു. ഇവരെ കൂടാതെ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ ഒട്ടേറെ സംവിധായകര്‍ എംടിയുടെ തിരക്കഥകള്‍ക്ക് ചലച്ചിത്രാവിഷ്‌കാരം ഒരുക്കി.
മുറപ്പെണ്ണ് (വിന്‍സെന്റ്), ഇരുട്ടിന്റെ ആത്മാവ് (പി ഭാസ്‌കരന്‍), ഓളവും തീരവും, കുട്ട്യേടത്തി, മാപ്പുസാക്ഷി (പിഎന്‍ മേനോന്‍), കന്യാകുമാരി, ഓപ്പോള്‍, വേനല്‍ക്കിനാവുകള്‍ (കെഎസ് സേതുമാധവന്‍), മണ്ണിന്റെ മാറില്‍ (പിഎ ബക്കര്‍), ഉത്തരം (പവിത്രന്‍), വൈശാലി, താഴ്‌വാരം (ഭരതന്‍), നീലത്താമര (യുസഫലി കേച്ചേരി), വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ (എം ആസാദ്), ഋതുഭേദം (പ്രതാപ് പോത്തന്‍), എകാകിനി (ജിഎസ് പണിക്കര്‍), പെരുന്തച്ചന്‍ (അജയന്‍) ഇവ മലയാള സിനിമയിലെ എണ്ണം പറഞ്ഞ തിരക്കഥളായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക