കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി എംഎം മണി. ജീവനൊടുക്കിയ സാബു തോമസിന് വല്ല മാനസിക പ്രശ്‌നവും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മണി പറഞ്ഞു.
കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎം മണി. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം. വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ഒരുത്തനും ശ്രമിക്കേണ്ട. ഞങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ല.
സാബുവിന്റെ മരണത്തില്‍ സിപിഎം നേതൃത്വത്തിനോ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വി ആര്‍ സജിക്കോ പങ്കില്ല. സ്ഥാപനത്തെ രക്ഷപ്പെടുത്താനും സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനുമാണ് വി ആര്‍ സജിയും ഭരണസമിതിയും ശ്രമിച്ചത്. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരുപ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി ആര്‍ സജിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്.
സാബു പണം ചോദിച്ചുവന്നപ്പോള്‍ ബാങ്കില്‍ പണം ഇല്ലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തത് ഇടതുപക്ഷത്തിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമമുണ്ട്. ഞങ്ങളുടെ പാര്‍ട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടില്‍ യുഡിഎഫും കോണ്‍ഗ്രസും ബിജെപി പാര്‍ട്ടികളും ചില പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. സാബു തോമസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. സാമ്പത്തിക ഭദ്രതയുള്ള അദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്ന കാര്യം പരിശോധിക്കണമെന്നും മണി ആവശ്യപ്പെട്ടു.
ഡിസംബര്‍ 20-നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് ബാങ്ക് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക