നവകേരള സദസ് തിരിച്ചടിച്ചു, മുസ്ലിം പ്രീണനത്തിൽ ഭൂരിപക്ഷ സമുദായം അകന്നു; മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായെന്ന് സിപിഎം

പോരായ്മകള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്
cpm
മുഖ്യമന്ത്രി പിണറായി വിജയന്‍ എക്‌സ്പ്രസ് ഫയല്‍ ചിത്രം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനും സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണമായതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയും തോല്‍വിക്ക് കാരണമായതായി ചില അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നുദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും തുടരും.

തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം അല്ലെന്ന നേതാക്കളുടെ പൊതു പ്രസ്താവനകള്‍ യോഗത്തില്‍ അംഗങ്ങള്‍ തള്ളി. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കമുള്ള ചില നേതാക്കളുടെ നാക്കുപിഴയും തിരിച്ചടിക്ക് കാരണമായിയെന്ന് സംസ്ഥാന സമിതി യോഗത്തില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള അംഗങ്ങളാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവും, സര്‍ക്കാര്‍ പ്രതീക്ഷയോടെ നടത്തിയ നവകേരള സദസും തെരഞ്ഞെടുപ്പില്‍ നെഗറ്റീവ് ഇംപാക്ട് ആണ് ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ മുസ്ലിം പ്രീണനം നല്ല പോലെ വ്യക്തമായിരുന്നു. ഇത് ഭൂരിപക്ഷ സമുദായങ്ങളെ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകറ്റിയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും തിരിച്ചടിയായി.

ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് വിതരണം ചെയ്യാനും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സാധനങ്ങള്‍ എത്തിക്കാനും സര്‍ക്കാര്‍ എത്രയും വേഗം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധയൂന്നണം. പോരായ്മകള്‍ ഉള്‍ക്കൊണ്ട് തിരുത്തല്‍ നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്നും സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടെന്നും, അത് തെരഞ്ഞെടുപ്പ് തോല്‍വിക്കുള്ള പ്രധാന ഘടകമായിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നവകേരള സദസ് ഉദ്ദേശിച്ച ഫലം കണ്ടില്ല. രണ്ടാം പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ​ഗുണങ്ങൾ അടിസ്ഥാന ജനവിഭാ​ഗങ്ങളിലേക്ക് എത്തിക്കുന്നതിൽ ​ഗവൺമെന്റ് പരാജയപ്പെട്ടു.

cpm
'നല്ലതെന്ന് പറയാന്‍ ഒരു മന്ത്രി പോലുമില്ല, ഭക്ഷ്യമന്ത്രി നാടിന് നാണക്കേട്': സിപിഐ യോഗത്തില്‍ രൂക്ഷവിമര്‍ശനം

ക്ഷേമ പെന്‍ഷന്‍ അടക്കം മുടങ്ങിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയത് തോല്‍വിയുടെ ആക്കം കൂട്ടി. അടിസ്ഥാന വർഗം പാർട്ടിയിൽ നിന്ന് അകന്നതും തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണമായതായി എംവി ​ഗോവിന്ദൻ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com