കോഴിക്കോട്:കൊടകര കുഴല്‍പ്പണക്കേസിലെ പുതിയ വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് സമയത്തെ പുതിയ തിരക്കഥയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് തിരക്കഥ വരുന്നത്. തോല്‍വി മുന്നില്‍ കണ്ടുള്ള വിഭ്രാന്തിയാണ് സിപിഎമ്മിന്റെതെന്നും കൊടകരക്കുഴല്‍പ്പണക്കേസ് ഏത് ഏജന്‍സിക്കും അന്വേഷിക്കാമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് താന്‍ കോടികള്‍ക്ക് കാവല്‍നിന്നു എന്നു പറയുന്നതാണ് എകെജി സെന്ററില്‍ നിന്നുള്ള പുതിയ തിരക്കഥ. ബിജെപിയുടെ ഓഫീസ് സെക്രട്ടറി എന്നാല്‍ ചായവാങ്ങി കൊടുക്കുന്നയാളാണ്. അയാളാണോ കോടികള്‍ക്ക് കാവല്‍ നിന്നന്നതെന്ന് മുരളീധരന്‍ പരിഹസിച്ചു. ഇഡി കത്ത് നല്‍കിയിട്ട് മൂന്നു കൊല്ലം കേരളാ പൊലീസ് ഉറക്കമായിരുന്നോ?. ഇഡി അന്വേഷണം നടത്താത്തത് എന്തുകൊണ്ടെന്ന് മൂന്ന് കൊല്ലം കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോഴാണോ കേരളാ പൊലീസ് ഓര്‍ക്കുന്നത്. ഒരുകത്ത് എഴുതിയിട്ട് നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ അത് ഫോളോ അപ് ചെയ്ത് തുടര്‍നടപടികള്‍ ഉണ്ടാവണം. പാലക്കാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് പുതിയ തിരക്കഥ വരുന്നത്. ഇത് തെരഞ്ഞെടുപ്പ് തോല്‍വി മുന്നില്‍ക്കണ്ടുള്ള സിപിഎമ്മിന്റെ വിഭ്രാന്തിയാണ് മുരളീധരന്‍ പറഞ്ഞു.
എന്‍ഡിഎയില്‍ എത്താന്‍ കേരളത്തിലെ രണ്ട് എംഎല്‍എമാര്‍ക്ക് അജിത് പവാര്‍ നൂറ് കോടി നല്‍കിയെന്നായിരുന്നു ആദ്യ തിരക്കഥ. അത് പാളിയപ്പോഴാണ് പുതിയ തിരക്കഥകളുമായി വരുന്നത്. ആ തിരക്കഥാകൃത്തുക്കള്‍ ആരാണെന്ന് തിരുവനന്തപുരത്തെ സിനിമാ സംവിധായകര്‍ കണ്ടെത്തണം. ഈ തിരക്കഥകള്‍ ജനങ്ങളെ വിശ്വസിപ്പിക്കന്‍ പര്യാപ്തമല്ല. പിപി ദിവ്യ പതിനഞ്ച് ദിവസം എവിടെയായിരുന്നെന്ന ചോദ്യത്തിന് മറുപടിയില്ലാതെ വന്നപ്പോഴാണ് പുതിയ തിരക്കഥയെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക