'കുഴല്‍പ്പണത്തില്‍ ഒരു കോടി കെ സുരേന്ദ്രന്‍ തട്ടിയെടുത്തു, 35 ലക്ഷം വി വി രാജേഷിന് നല്‍കാന്‍ ആവശ്യപ്പെട്ടു'; വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീശന്‍

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന്‍ എന്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബന്ധപ്പെട്ടത് എന്ന് ചോദിച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍
Thirur satheesan
തിരൂര്‍ സതീശന്‍ മാധ്യമങ്ങളോട്സ്ക്രീൻഷോട്ട്
Published on
Updated on

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ധര്‍മ്മരാജന്‍ എന്തിനാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ബന്ധപ്പെട്ടത് എന്ന് ചോദിച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്‍. പാര്‍ട്ടിയുടെ അധ്യക്ഷനെയാണോ കള്ളപ്പണം കൊണ്ടുവരുന്നയാള്‍ ബന്ധപ്പെടേണ്ടത്. അത് തന്നെ തെറ്റല്ലേ. എന്നിട്ട് അതിനെ ന്യായീകരിക്കുകയാണ്. ഇതിന് മുന്‍പ് കോഴിക്കോട് നിന്ന് പണം കൊണ്ടുവന്നപ്പോള്‍ അതില്‍ നിന്ന് കൈയിട്ട് സുരേന്ദ്രന്‍ ഒരു കോടി രൂപ എടുത്തെന്ന് ധര്‍മ്മരാജന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും തിരൂര്‍ സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.

'അത് എന്തിനാണ്?. ബാക്കി 35 ലക്ഷം രൂപ തിരുവനന്തപുരത്ത് വി വി രാജേഷിന് കൊടുക്കൂ എന്ന്. എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. നേരിട്ട് കേട്ട കാര്യങ്ങളും കണ്ട കാര്യങ്ങളും പറഞ്ഞു കഴിഞ്ഞാല്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. ഒരു നേതാവും സംഘടനയെ വഞ്ചിട്ട് ഒന്നും ചെയ്യാന്‍ പാടില്ല. എന്തിനാണ് എല്ലാ നേതാക്കളും കച്ചകെട്ടിയിറങ്ങിയിട്ട് എനിക്കെതിരെ ഇല്ലാ കഥകള്‍ പറയുന്നത്.'- തിരൂര്‍ സതീശന്‍ പറഞ്ഞു.

'സിപിഎം വിലയ്ക്ക് വാങ്ങിയിട്ടുള്ളയാളാണ്, മൊയ്തീന്റെ വീട്ടില്‍ പോയി കൂടിക്കാഴ്ച നടത്തി, തൃശൂരില്‍ ഏത് ബാങ്കില്‍ നിന്നാണ് സതീശന്‍ വായ്പ എടുത്തത്?. ഈ ബാങ്കില്‍ എങ്ങനെയാണ് കൂടുതല്‍ തുക ഡെപ്പോസിറ്റ് ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ചോദിച്ചത്. കുറച്ച് വ്യക്തതയുള്ള നേതാവാണ് ശോഭാ സുരേന്ദ്രന്‍ എന്നാണ് പ്രവര്‍ത്തകരുടെ ഇടയിലെ ധാരണ. ആ ധാരണ ലംഘിക്കുന്നതിന് വേണ്ടിയാണോ മറ്റുള്ളവരുടെ ആരോപണം ഏറ്റെടുത്ത് ശോഭാ സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്. തനിക്ക് അവരോട് സഹതാപമാണ്.' - തിരൂര്‍ സതീശന്‍ മറുപടി നല്‍കി.

'2023 മെയ് മാസത്തിലാണ് ജില്ലാ ഓഫീസില്‍ നിന്ന് ജോലി നിര്‍ത്തി പോകുന്നത്. കുറച്ചുനാള്‍ ലീവ് വേണമെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ആ മാസമാണ് ഞാന്‍ ബാങ്കില്‍ പൈസ അടച്ചത്. വിഡ്ഡിത്തം വിളിച്ച് പറഞ്ഞ് ശോഭാ സുരേന്ദ്രന്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യയാവരുത്. എന്തിനാണ് ജില്ലാ നേതാക്കളെ സപ്പോര്‍ട്ട് ചെയ്ത് ശോഭ സംസാരിക്കേണ്ട ആവശ്യം.ശോഭയെ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ കടത്തരുത് എന്ന് പറഞ്ഞയാളാണ് പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷന്‍.പത്രസമ്മേളനം നടത്താന്‍ വന്നാല്‍ മുറി പൂട്ടിയിട്ടോ സതീശാ എന്നാണ് ജില്ലാ അധ്യക്ഷന്‍ പറഞ്ഞത്. ആ ആള്‍ക്ക് വേണ്ടിയാണ് ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ സംസാരിക്കുന്നത്.'- തിരൂര്‍ സതീശന്‍ തുറന്നടിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് വായ്പാ തിരിച്ചടവിനായി പണം അടച്ചൂ എന്നാണ് ആരോപണം. എന്നാല്‍ താന്‍ ജില്ലാ ഓഫീസിലെ ജോലി നിര്‍ത്തിയ മാസമാണ് പണം അടച്ചത്. അതിന്റെ തെളിവ് മൊബൈലില്‍ കാണിച്ച തിരൂര്‍ സതീശന്‍ പച്ചക്കള്ളമാണ് നേതാക്കള്‍ പറയുന്നത് എന്നും ആരോപിച്ചു.

തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ പോയി അന്വേഷിച്ചാല്‍ തന്റെ വായ്പയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. വായ്പയുമായി ബന്ധപ്പെട്ട് 17 ലക്ഷത്തില്‍പ്പരം രൂപ കുടിശ്ശികയുണ്ട്. 2023 മുതല്‍ കുടിശ്ശിക ആണെന്നും തിരൂര്‍ സതീശന്‍ കൂട്ടിച്ചേര്‍ത്തു. കുഴല്‍പ്പണക്കേസില്‍ അറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ശോഭ അന്ന് പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത കാലമാണ്. തനിക്ക് ഗുണം കിട്ടുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അങ്ങനെ വന്നാല്‍ തനിക്ക് ബിജെപി പ്രസിഡന്റാകാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ ശോഭ കള്ളം പറയുകയാണെന്നും തിരൂര്‍ സതീശന്‍ മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com