

പാലക്കാട്: അപമാനം നേരിട്ട പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്നു വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു.
തങ്ങള്‍ ഒരുമിച്ച് യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ അഭിപ്രായം സന്ദീപ് വാര്യര്‍ തള്ളി. 'നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. കൃഷ്ണകുമാര്‍ ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?. എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല' എന്നും കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.
'കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍. എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നത് സത്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേരുന്നു' എന്നും കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാണ് . മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ.
ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്.
പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ് . കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.
പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.
ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.
ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?
എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വി ടി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.
സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates