

പാലക്കാട്: താന്‍ ഇപ്പോഴും ബിജെപിയില്‍ തന്നെയെന്ന് സന്ദീപ് വാര്യര്‍. നൂറു ശതമാനം ബിജെപിക്കാരന്‍ തന്നെ. വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് മുന്നോട്ടു വന്നത്. പോരാട്ടം പുതിയ കാര്യമല്ല. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പാര്‍ട്ടിയിലെ ഒരു നേതാവു പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫോണില്‍ വിളിച്ച് പ്രചാരണത്തില്‍ സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍, അദ്ദേഹം അതു കണക്കിലെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'തന്നെപ്പോലെ ഒരുപാട് സന്ദീപ് വാര്യര്‍മാര്‍ പാലക്കാട്ടുണ്ട്. താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും പാലക്കാട് ബിജെപിക്ക് ഒന്നും സംഭവിക്കില്ല. ബിജെപി വലിയ പാര്‍ട്ടിയാണ്. വലിയ മഹാസാഗരമാണ്. ഞാന്‍ വെറുമൊരു മണല്‍ത്തരി മാത്രമാണ്. ഞാന്‍ പോയില്ല എന്നുവെച്ച് പാര്‍ട്ടിയുടെ വിജയസാധ്യതയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നേക്കാള്‍ വലിയ നേതാക്കന്മാരുള്ള പാര്‍ട്ടിയാണ് ബിജെപി. ഞാന്‍ സംസ്ഥാന സമിതിയിലെ ഒരംഗം മാത്രമായ ചെറിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ്'. നടപടി എടുക്കാന്‍ മാത്രം വലിയ നേതാവല്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
'വിഷയം ഉന്നയിച്ചത് അസമയത്താണെന്ന് കരുതുന്നില്ല. ഒരു തരത്തിലുള്ള ഭയവും തനിക്കില്ല. പണ്ട് വത്സന്‍ തില്ലങ്കേരിക്കും സന്ദീപ് വാര്യര്‍ക്കുമെതിരെ വധഭീഷണി ഉണ്ടായി. അപ്പോള്‍ പോലും ഭയപ്പെട്ടിട്ടില്ല. അമ്മ മരിച്ചപ്പോള്‍ സി കൃഷ്ണകുമാര്‍ നാട്ടിലുണ്ടായിരുന്നെങ്കിലും ഫോണില്‍ പോലും വിളിച്ചിരുന്നില്ല. ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരനെതിരെ ചക്കിങ്ങ് ആരോപണം നേരിട്ടപ്പോള്‍, അര്‍ജുന രണതുംഗ സ്വന്തം കരിയര്‍ പോലും ഭീഷണിയിലാകുമെന്ന കാര്യം പോലും അവഗണിച്ച് ശക്തമായ നിലപാടെടുത്തു. അതാണ് നേതൃഗുണം. അത്തരമൊരു നേതൃഗുണം ബിജെപി നേതാക്കളില്‍ നിന്നും ഉണ്ടായില്ലെന്നും' സന്ദീപ് വാര്യര്‍ പറഞ്ഞു.
'ബിജെപി നേതാക്കള്‍ തന്റെ പ്രശ്‌നം കേള്‍ക്കാതെ അവഗണിച്ചപ്പോള്‍, നാട്ടിലെ പ്രവര്‍ത്തകരായ ചേട്ടന്മാരും മറ്റും തന്നോടൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കൊപ്പം താനുണ്ടാകും. ഞാന്‍ എന്റെ നിലപാട് പറഞ്ഞു. നിലപാട് ഇല്ലാത്തവര്‍ അങ്ങനെ തുടരട്ടെ. ഞാന്‍ ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണ്. അങ്ങനെ പ്രവര്‍ത്തിക്കാതിരിക്കാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് കരുതുന്നു. ആര്‍എസ്എസ് നേതാക്കളെ വിഷമം അറിയിച്ചിരുന്നു. അവരുടെ നിര്‍ദേശം കൂടി മാനിച്ചാണ് ഇതുവരെ മിണ്ടാതിരുന്നത്'. സിപിഎം സംസ്ഥാന സെക്രട്ടറി ക്ഷണിച്ചകാര്യം സൂചിപ്പിച്ചപ്പോള്‍, അതേക്കുറിച്ച് പ്രതികരിക്കാന്‍ സന്ദീപ് വാര്യര്‍ തയ്യാറായില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates